2014 മുതൽ 2023 വരെ; ഇന്ത്യയിലുടനീളം രാഹുലിനെതിരെ നിരവധി കേസുകൾ

ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളുമാണ് രാഹുലിനെതിരെ പലയിടത്തും അപകീർത്തിക്കേസ് കൊടുത്തത്

Update: 2023-03-24 16:17 GMT

Rahul Gandhi

Advertising

ന്യൂഡൽഹി: അപകീർത്തിക്കേസിൽപ്പെട്ട് എം.പി സ്ഥാനം നഷ്ടപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രാജ്യത്തുടനീളം നിരവധി കേസുകൾ. ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളുമാണ് രാഹുലിനെതിരെ പലയിടത്തും അപകീർത്തിക്കേസ് കൊടുത്തത്. 2019ൽ കർണാടകയിൽ മോദിമാർക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ് രാഹുൽ. ഇതോടെ എംപി സ്ഥാനവും നഷ്ടമാകുകയായിരുന്നു.

2014

മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിറകിൽ ആർഎസ്എസാണെന്ന് പറഞ്ഞതിന്റെ പേരിൽ മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിലായി മൂന്നു കേസുകൾ രാഹുലിനെതിരെയുണ്ട്. 2014 ൽ മഹാരാഷ്ട്രയിലെ താനെയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ പരാമർശം.

2015

നാഷണൽ ഹെറാൾഡ് കേസിലും രാഹുൽ ജാമ്യത്തിലാണുള്ളത്. ബിജെപി നേതാവായ സുബ്രഹ്മണ്യ സ്വാമി നൽകിയ കേസിൽ 2015 ഡിസംബറിലാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ് യങ് ഇന്ത്യ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടതാണ് നാഷണൽ ഹെറാൾഡ് കേസ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ 2010ലാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ കമ്പനി ഏറ്റെടുക്കുന്നത്. 2000 കോടിയലധികം രൂപയുടെ സ്വത്തുള്ള എ.ജെ.എൽ ഏറ്റെടുക്കാൻ യങ് ഇന്ത്യ ചെലവാക്കിയത് 50 ലക്ഷം രൂപ മാത്രമാണ്. ഇതാണ് പരാതിയുടെ അടിസ്ഥാനം. എ.ജെ.എൽ യങ് ഇന്ത്യ ഏറ്റെടുത്തതിൽ അഴിമതിയും ക്രമക്കേടുമുണ്ടെന്നാരോപിച്ച് 2012ൽ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഡൽഹി കോടതിയിൽ പരാതി നൽകുന്നത്.

2016

ആർഎസ്എസ് നൽകിയ മറ്റൊരു കേസിൽ ഗുവാഹത്തി കോടതി രാഹുലിന് ജാമ്യം നൽകിയിരുന്നു. 2015 ഡിസംബറിൽ അസമിലെ ബാർപട്ട സത്രയിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ ആർഎസ്എസ് തടഞ്ഞുവെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിനെതിരെ അവർ നൽകിയ കേസിലാണ് ജാമ്യം.

2018

ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലപാതകി എന്ന് വിളിച്ചതിൽ റാഞ്ചിയിലും ചായിബാസയിലുമായി രണ്ട് കേസുകളുണ്ട്. കൊലപാതകത്തിൽ ആരോപണ വിധേയനായ ആളെ ബിജെപി അധ്യനാക്കുമെന്ന് പറഞ്ഞിതിനും റാഞ്ചിയിൽ കേസുണ്ട്.

2019

അമിത് ഷായെ കൊലപാതകക്കേസിൽ ആരോപണ വിധേയൻ എന്ന് വിളിച്ചതിന് അഹമ്മദാബാദ് കോടതിയിലും കേസുണ്ട്. പ്രധാനമന്ത്രിയെ 'കമാൻഡർ ഇൻ തീഫ്' എന്ന് പരിഹസിച്ചതിന് മുംബൈ ഗിർഗാവ് കോടതയിൽ ഒരു വ്യക്തി ഹരജി നൽകിയിരുന്നു.

2019

രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതി മറ്റൊരു അപകീർത്തിക്കേസിൽ ജാമ്യം നൽകിയിരുന്നു. മോദിയെന്ന് കുടുംബപ്പേരുള്ളവരൊക്കെ എങ്ങനെ കള്ളന്മാരായെന്ന പരാമർശത്തിന്റെ തന്നെ പേരിലായിരുന്നു ഈ കേസ്. ബിജെപി നേതാവായിരുന്നു കേസ് കൊടുത്ത്.

2019

അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് നൽകിയ അപകീർത്തിക്കേസിൽ അഹമ്മദാബാദ് കോടതി രാഹുലിന് ജാമ്യം നൽകിയിരുന്നു. 2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം നോട്ട് മാറ്റി നൽകൽ അഴിമതിയിൽ ബാങ്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ ആരോപിച്ചതിനെ തുടർന്നാണ് കേസ്.

2019

മുംബൈ കോടതി മറ്റൊരു കേസിൽ രാഹുലിന് ജാമ്യം നൽകി. ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിലായിരുന്നു നടപടി. ബംഗളൂരുവിലെ അന്വേഷണാത്മക മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ബിജെപി-ആർഎസ്എസ് ആശയധാരക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിനെതിരെയായിരുന്നു പരാതി.

2023

ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.

Many cases against Rahul Gandhi across India

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News