ഒഡീഷ ട്രെയിൻ ദുരന്തം; ബോഗികൾക്കടിയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നു, മരണസംഖ്യ ഉയരാൻ സാധ്യത

ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി

Update: 2023-06-02 19:21 GMT
Advertising

ഒഡീഷ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അമ്പതിലധികം പേർ മരിച്ചതായും പരിക്കേറ്റവരുടെ എണ്ണം 300 കടന്നതായുമാണ് റിപ്പോർട്ട്. ട്രെയിനിനുള്ളിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. 22 അംഗ ദുരന്ത നിവാരണസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ സംഘം സ്ഥലത്തെത്തും. ബാലസോർ മെഡിക്കൽ കോളജിൽനിന്ന് ഡോക്ടർമാരുടെ സംഘവും രക്ഷാപ്രവർത്തനത്തിനായി ബംഗാൾ പ്രത്യേക സംഘത്തെയും അയച്ചിട്ടുണ്ട്. 

പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഒഡീഷ മന്ത്രി പ്രമീള മല്ലിക്കിനെ അപകട സ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് പറഞ്ഞു. അതേസമയം ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി.

പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ പുറപ്പെട്ടത്. നാളെ വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ഇന്ന് വൈകീട്ട് 6.30ഓടെ അപകടമുണ്ടാവുകയായിരുന്നു. പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസ് ആദ്യം ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയ ബോഗികൾ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ- ഹൗറ ട്രെയിനും ഇടിച്ചുകയറി. കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്.

 മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസ്സാരമായി പരിക്കേറ്റവർക്ക് 50000 രൂപയുമാണ് നഷ്ടപരിഹാരം.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News