പൊലീസിന് വിവരം നൽകുന്നെന്നാരോപണം; ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ രണ്ട് പേരെ കൊന്നു
ഒരു സ്കൂൾ വിദ്യാർഥിയടക്കം മൂന്ന് നാട്ടുകാരെ ഇവർ തട്ടിക്കൊണ്ടുപോയി
ബീജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിലെ ഉൾഗ്രാമത്തിൽ മാവോയിസ്റ്റുകൾ രണ്ടുപേരെ കൊന്നു. പൊലീസിന് വിവരം നൽകുന്നുവെന്നാരോപിച്ചാണ് കൊലപാതകം. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാധവി സുജ, പോദിയം കോസ എന്നിവരാണ് മരണപ്പെട്ടവർ.
പ്രാഥമിക വിവരമനുസരിച്ച്, ഒരു സ്കൂൾ വിദ്യാർഥിയടക്കം മൂന്ന് നാട്ടുകാരെ നക്സലൈറ്റുകൾ തട്ടിക്കൊണ്ടുപോയി. മിർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജപ്പേമർക ഗ്രാമത്തിൽ നിന്നാണ് ഇവരെ കൊണ്ടുപോയത്. പിന്നീട് സ്കൂൾ കുട്ടിയെ വിട്ടയച്ച ഇവർ മറ്റു രണ്ട് പേരെ കൊലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകളുടെ ഭൈരംഗഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തു. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തിയെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു.