'ലിവിങ് ടുഗെതർ ബന്ധങ്ങളും രജിസ്റ്റർ ചെയ്യണം'; ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് ജനുവരി 26 മുതൽ പ്രാബല്യത്തിൽ
ലിവിങ് ടുഗെതർ രജിസ്ട്രേഷന് ആധാർ വിവരങ്ങളും ഫോട്ടോയും മുൻകാല ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
ഡെറാഡൂൺ : ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് വിവാഹത്തിന് സമാനമായ രജിസ്ട്രേഷൻ ഉൾപ്പെടുത്തി ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നു. എല്ലാവിധ രജിസ്‌ട്രേഷനുകളിലും ഫോട്ടോകളും ആധാറും നിർബന്ധമാക്കി. ജനുവരി 26 മുതലാണ് ഏക സിവിൽ കോഡ് പ്രാബല്യത്തിൽ വരിക. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി ഓൺലൈൻ പോർട്ടലും ഉദ്യോഗസ്ഥർക്ക് പോർട്ടൽ കൈകാര്യം ചെയ്യാനുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. മൂന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിശീലനം ജനുവരി 20ന് അവസാനിക്കും.
പൗരന്മാർ, കേന്ദ്ര ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിങ്ങനെ പോർട്ടലിൽ ലോഗിൻ ചെയ്യാൻ മൂന്ന് ഓപ്ഷനുകളാണുള്ളത്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ വിശദാംശങ്ങൾ ആവശ്യമാണ്. വിവാഹം, വിവാഹമോചനം, ലിവിങ് ടുഗെതർ രജിസ്‌ട്രേഷനുകൾ, ലിവിങ് ടുഗെതർ ബന്ധങ്ങൾ അവസാനിപ്പിക്കൽ, വിൽപ്പത്രം എഴുതാതെ മരിക്കുന്ന വ്യക്തികളുടെ നിയമപരമായ അവകാശികളെ പ്രഖ്യാപിക്കൽ, മരണാനന്തര പിന്തുടർച്ച, അപേക്ഷ നിരസിക്കപ്പെട്ട കേസുകളിലെ അപ്പീൽ അപേക്ഷ, വിവരാവകാശം, പരാതി എന്നിങ്ങനെയുള്ള വിവിധ സേവനങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ലിവിങ് ടുഗെതർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വിവാഹത്തിന് സമാനമായ വിവരകളാണ് പോർട്ടൽ ആവശ്യപ്പെടുന്നത്. പങ്കാളികളുടെ പേരുകൾ, പ്രായം തെളിയിക്കുന്ന രേഖകൾ, ദേശീയത, മതം, ഫോൺ നമ്പർ, പഴയ ബന്ധങ്ങളുടെ വിവരങ്ങൾ എന്നിവ രജിസ്റ്റർ ചെയ്യണം. എല്ലാ ലിവിങ് ടുഗെതർ പങ്കാളികൾക്കും രജിസ്ട്രേഷൻ ബാധകമാണ്. ലിവിങ് ടുഗെതർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ രണ്ട് ഓപ്ഷനുകളാണുള്ളത് ഒന്ന് -ഉത്തരാഖണ്ഡിൽ താമസിക്കുന്ന പങ്കാളികൾ, രണ്ട് - ഇന്ത്യയിൽ എവിടെയും താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികൾ. രജിസ്റ്റർ ചെയ്യാൻ പങ്കാളികളുടെ ഫോട്ടോകളും, സമ്മത പ്രഖ്യാപന വിഡിയോയും അപ്ലോഡ് ചെയ്യാനും പോർട്ടൽ ആവശ്യപ്പെടുന്നു. ഇത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ ജനന സർട്ടിഫിക്കറ്റ് നൽകി ഏഴ് ദിവസത്തിനുള്ളിൽ ചെയ്യാനും നിർദേശമുണ്ട്.
അതേസമയം, വിവാഹങ്ങളെയും ലിവിങ് ടുഗെതർ ബന്ധങ്ങളെയും എതിർത്തുകൊണ്ട് പരാതി രേഖപ്പെടുത്താനും സംവിധാനമുണ്ട്. പരാതികളുടെ സത്യാവസ്ഥ പരിശോധിക്കാൻ ഒരു സബ്-രജിസ്ട്രാറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മരണാനന്തര പിന്തുടർച്ച രജിസ്റ്റർ ചെയ്യാൻ വിൽപ്പത്രം നൽകുന്നയാളുടെയും അവകാശികളുടെയും ആധാർ വിശദാംശങ്ങൾ നൽകണം. കൂടാതെ, പിന്തുടർച്ചാവകാശ പ്രഖ്യാപനം വായിക്കുന്നതിന്റെ റെക്കോർഡിങ് രണ്ട് സാക്ഷികൾ അപ്ലോഡ് ചെയ്യണമെന്നും നിയമം പറയുന്നു.