മാസ്‌ക് വീണ്ടും നിർബന്ധമാക്കി യു.പി; ആശങ്കയുയർത്തി കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈ മാസം ആദ്യത്തിൽ ഉത്തർപ്രദേശ് ഭരണകൂടം മാസ്‌ക് അടക്കമുള്ളവയ്ക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു

Update: 2022-04-18 11:12 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: പൊതുസ്ഥലത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഉത്തർപ്രദേശ് ഭരണകൂടം. തലസ്ഥാന ജില്ലയായ ലഖ്‌നൗവിലും ഡൽഹിയോട് ചേർന്നുള്ള ആറ് ജില്ലകളിലുമാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തടക്കം കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

ഗൗതംബുദ്ധ നഗർ, ഗാസിയാബാദ്, ഹാപൂർ, മീറത്ത്, ബുലന്ദ്ഷഹർ, ബാഘ്പട്ട് എന്നീ ദേശീയ തലസ്ഥാന മേഖലയിൽ(എൻ.സി.ആർ) ഉൾപ്പെട്ട ജില്ലകളിലാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. ഇതോടൊപ്പം യു.പി തലസ്ഥാനമായ ലഖ്‌നൗവിലും നിയമം കടുപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ പുതുതായി കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഭരണകൂടത്തിന്റെ തീരുമാനം. രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈ മാസം ആദ്യത്തിൽ ഉത്തർപ്രദേശ് ഭരണകൂടം മാസ്‌ക് അടക്കമുള്ളവയ്ക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൗതംബുദ്ധ നഗറിൽ 65 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗാസിയാബാദിൽ 20ഉം ലഖ്‌നൗവിൽ പത്തും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരിൽ രാജ്യത്ത് 90 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച റിപ്പോർട്ട് ചെയ്തതിനെക്കാൾ ഇരട്ടിയാണിത്. കഴിഞ്ഞ ദിവസം 1,150 പേർക്കാണ് വൈറസ് ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 214 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. 0.32 ശതമാനമാണ് ടിപിആർ. നിലവിൽ രാജ്യത്ത് 11,542 കോവിഡ് ബാധിതരുണ്ട്. അതേസമയം വാക്‌സിനേഷൻ കവറേജ് 186.54 കോടി കവിഞ്ഞു. 12നും 14നും ഇടയിൽ പ്രായമുള്ള 2.43 കോടി പേർക്ക് കുത്തിവെപ്പ് നൽകിയിട്ടുണ്ട്.

ഡൽഹിയിൽ കോവിഡ് കേസുകൾ കുത്തനെ കൂടുകയാണ്. തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് അടുത്തിടെ 5 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ, ഞായറാഴ്ച ഇത് 4.21 ശതമാനമായി കുറഞ്ഞുവെന്ന് ഹെൽത്ത് ബുള്ളറ്റിൻ അറിയിച്ചു. അടുത്തിടെ, ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സ്‌കൂളുകൾ തുറന്നപ്പോൾ കോവിഡ് റിപ്പോർട്ട് ചെയ്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

Summary: Masks mandatory in Lucknow, 6 UP districts near Delhi as Covid cases rise

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News