വിമാന യാത്രക്കിടെ കുടിച്ച ദ്രാവകം വില്ലനായി? മായങ്ക് അഗർവാൾ ഐസിയുവിൽ

രഞ്ജി ട്രോഫി മത്സരത്തിനായി അഗർത്തലയിൽ നിന്ന് സൂറത്തിലേക്ക്‌ പോകുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

Update: 2024-01-30 16:36 GMT
Advertising

വിമാന യാത്രക്കിടെ അസുഖ ബാധിതനായ ഇന്ത്യൻ ക്രിക്കറ്ററും കർണാടക ക്യാപ്റ്റനുമായ മായങ്ക് അഗർവാൾ ആശുപത്രിയിൽ. അഗർത്തലയിൽനിന്ന് ന്യൂഡൽഹി വഴി സൂറത്തിലേക്കുള്ള ഇൻഡിഗോ വിമാന യാത്രക്കിടെയാണ് താരം അസുഖബാധിതനായത്. ഒരു കുപ്പിയിൽ നിന്ന് ദ്രാവകം കഴിച്ച താരത്തിന് വയറുവേദനയും തൊണ്ടയിലും വായിലും പൊള്ളലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച അഗർത്തലയിലെ ഐഎൽഎസ് ആശുപത്രിയിലെത്തിച്ച 32കാരനായ താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

റെയിൽവേയ്ക്കെതിരായ കർണാടകയുടെ അഞ്ചാം റൗണ്ട് രഞ്ജി ട്രോഫി മത്സരത്തിനായി അഗർത്തലയിൽ നിന്ന് സൂറത്തിലേക്ക്‌ പോകുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വിമാനത്തിനുള്ളിൽ ഛർദ്ദിച്ചതിനെ തുടർന്ന് അഗർവാളിനെ വിമാനം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കർണാടക സ്‌ക്വാഡിലെ ബാക്കിയുള്ളവർ യാത്ര തുടർന്നു.

ആശുപത്രിയിലെത്തിയ ശേഷം അഗർവാൾ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ 24 മണിക്കൂറും അദ്ദേഹം നിരീക്ഷണത്തിലായിരിക്കും. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്സിഎ) ത്രിപുര ക്രിക്കറ്റ് അസോസിയേഷന്റെ (ടിസിഎ) ഉദ്യോഗസ്ഥരുമായും അഗർവാളിനെ പരിചരിക്കുന്ന ഡോക്ടർമാരുമായും ബന്ധപ്പെട്ടിട്ടുണ്ട്.

ഈ സീസണിൽ അഗർവാൾ രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. നിലവിൽ നാല് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് കർണാടക. 23 കാരനായ ബാറ്റർ നിക്കിൻ ജോസാണ് ടീമിലെ നിയുക്ത വൈസ് ക്യാപ്റ്റൻ, അഗവർവാളിന്റെ അസാന്നിധ്യത്തിൽ താരം നായകസ്ഥാനം ഏറ്റെടുത്തേക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News