'പ്രതിപക്ഷം ബി.എസ്.പിയെ അകറ്റി നിർത്തി'; എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണക്കുമെന്ന്‌ മായാവതി

ഗോത്ര വനിതയെ രാഷ്ട്രപതിയാക്കാൻ തന്റെ പാർട്ടി വോട്ട് ചെയ്യുമെന്നും ഈ തീരുമാനം എൻഡിഎക്ക് അനുകൂലമോ യുപിഎക്ക് പ്രതികൂലമോയല്ലെന്നും മുൻ യുപി മുഖ്യമന്ത്രി

Update: 2022-06-25 18:50 GMT
Advertising

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണക്കുമെന്ന്‌ ബഹുജൻ സമാജ് വാദി പാർട്ടി (ബിഎസ്പി) നേതാവ് നേതാവ് മായാവതി. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താനുള്ള യോഗത്തിൽ നിന്ന് പ്രതിപക്ഷം ബിഎസ്പിയെ മാറ്റി നിർത്തിയെന്ന് കുറ്റപ്പെടുത്തിയാണ് മുൻ യുപി മുഖ്യമന്ത്രി കൂടിയായ മായാവതി നിലപാട് പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന്റെ ബിഎസ്പി വിരുദ്ധതയും ജാതിമത മനോഭാവവും തുടരുന്നതിനാൽ ഇപ്പോൾ ബിഎസ്പിക്ക് ഏത് കാര്യത്തിലും തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും മായാവതി പറഞ്ഞു. ഗോത്ര വനിതയെ രാഷ്ട്രപതിയാക്കാൻ തന്റെ പാർട്ടി വോട്ട് ചെയ്യുമെന്നും ഈ തീരുമാനം എൻഡിഎക്ക് അനുകൂലമോ യുപിഎക്ക് പ്രതികൂലമോയല്ലെന്നും അവർ വ്യക്തമാക്കി.

ലോകസഭയിൽ ബിഎസ്പിക്ക് 10 എംപിമാരാണുള്ളത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ സമയത്ത് രാജ്യസഭയിൽ ഒരു അംഗവുമുണ്ടാകും. നിലവിൽ യുപി വിധാൻ സഭയിൽ ഒരു എംഎൽഎയാണ് പാർട്ടിക്കുള്ളത്. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി മുൻ ജാർഖണ്ഡ് ഗവർണറും ഗോത്രവനിതയുമായ ദ്രൗപദി മുർമുവിനെ തിരഞ്ഞെടുത്തപ്പോൾ മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹയെയാണ് പ്രതിപക്ഷം സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

എൻ.ഡി.എ പ്രസിഡന്‍റ് സ്ഥാനാർഥി ദ്രൗപതി മുർമുവിന് പിന്തുണയുമായി നവീന്‍ പട്നായിക്കിന്‍റെ ബി.ജെ.ഡി നേരത്തെ രംഗത്ത് വന്നിരുന്നു. ഇതോടെ എന്‍.ഡി.എ സഖ്യത്തിന്‍റെ വോട്ട് വിഹിതം 50 ശതമാനം കടന്നിരുന്നു. ദ്രൗപതി മുര്‍മു അടുത്ത പ്രസിഡന്‍റാകുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഒഡീഷ ഭരിക്കുന്ന ബി.ജെ.ഡിയ്ക്ക് നിയമസഭയില്‍ 114 എം.എല്‍.എമാരുണ്ട്- 32,000 വോട്ടുകള്‍. അതായത് 2.9 ശതമാനം വോട്ടുകള്‍. ബി.ജെ.ഡിയുടെ പിന്തുണയോടെ ആകെയുള്ള 10,86,431 വോട്ടുകളിൽ 5,67,000 വോട്ടുകൾ എൻ.ഡി.എ സ്ഥാനാര്‍ഥിക്ക് ലഭിക്കും. എന്‍.ഡി.എയുടെ വോട്ടുശതമാനം 52 ആകും. എ.ഐ.എ.ഡി.എം.കെ, വൈ.എസ്.ആര്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയും ദ്രൌപതി മുര്‍മുവിന് ലഭിച്ചേക്കും.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയില്‍ ബി.ജെ.പിയുടെ അംഗബലം 92 ആണ്. ലോക്‌സഭയിൽ 301 എം.പിമാരാണുള്ളത്. അടുത്തിടെ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വിജയം വോട്ടുകള്‍ വര്‍ധിപ്പിച്ചു. ബി.ജെ.പിക്കും എൻ.ഡി.എയിലെ സഖ്യകക്ഷികൾക്കും 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനേക്കാൾ എം.എൽ.എമാർ കുറവാണെങ്കിലും എം.പിമാരുടെ എണ്ണം വർധിച്ചു.

ലോക്‌സഭയിലും രാജ്യസഭയിലുമായി 776 എംപിമാരുണ്ട്. സംസ്ഥാനങ്ങളിൽ 4,033 എം.എല്‍.എമാരാണുള്ളത്. അവരാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക. ഉത്തര്‍പ്രദേശിലാണ് ബി.ജെ.പിക്ക് ഏറ്റവും അധികം വോട്ടുകളുള്ളത്. 273 എം.എൽ.എമാരുള്ള ഉത്തർപ്രദേശിൽ 56,784 വോട്ടുകളാണ് ബി.ജെ.പിക്കുള്ളത്. 127 എം.എൽ.എമാരുള്ള ബിഹാറിൽ നിന്ന് 21,971 വോട്ടുകളും മഹാരാഷ്ട്രയിൽ നിന്ന് 18,375 വോട്ടുകളും എൻ.ഡി.എയ്ക്ക് ലഭിക്കും. ജൂലൈ 18നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ജൂൺ 29 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂലൈ 21ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. 

Mayawati said BSP will support NDA candidate Draupadi Murmu

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News