'പെരുമാറ്റച്ചട്ടം ഇപ്പോൾ മോദി കോഡ് ഓഫ് കോണ്ടക്ട് ആയി'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി തൃണമൂൽ
ടിഎംസിയുടെ രാജ്യസഭാ എംപിമാരായ സാകേത് ഗോഖലെയും സാഗരിക ഘോഷുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കിയത്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്(ടി.എം.സി). പെരുമാറ്റച്ചട്ടം എന്നത് മോദി കോഡ് ഓഫ് കോണ്ടക്ട് ആയി മാറിയെന്ന് ടി.എം.സി തുറന്നടിച്ചു.
മോദിയുടെ വിദ്വേഷ പരാമർശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന രീതിയില്‍ എങ്കിലും പ്രവർത്തിക്കണമെന്നും പരിഹസിച്ച ടി എം സി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കുകയും ചെയ്തു.
ടിഎംസിയുടെ രാജ്യസഭാ എംപിമാരായ സാകേത് ഗോഖലെയും സാഗരിക ഘോഷുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കിയത്. ഞങ്ങളുടെ പരാതികളിൽ ജെ പി നദ്ദയ്ക്ക് നോട്ടീസ് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പകരം, പ്രധാനമന്ത്രി മോദി തന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ നേരത്തേ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു. അന്തിമ പോളിംഗ് കണക്കുകൾ പുറത്തുവിടുന്നതിൽ കമ്മീഷൻ വരുത്തുന്ന കാലതാമസം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നേരത്തേ പ്രതിപക്ഷ കക്ഷികൾക്ക് കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷമായിരുന്നു കമ്മീഷൻ അന്തിമ കണക്ക് പുറത്തുവിട്ടത്.
സാധാരണ നിലയിൽ 24 മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ കണക്കുകൾ പുറത്തുവിടാറുണ്ട്. കാലതാമസത്തിന് പുറമെ, ഓരോ പാർലമെൻ്റ് മണ്ഡലത്തിലും അതത് അസംബ്ലി മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടുകൾ പോലെയുള്ള നിർണായകമായ വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടിട്ടില്ലെന്നും ഇത്തരം നടപടികൾക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നുമാണ് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടിയത്.