തമിഴ്‌നാടിനെ വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രനീക്കം; വന്‍ പ്രതിഷേധം

പശ്ചിമ തമിഴ്‌നാടിനെ വിഭജിച്ച് 'കൊങ്കുനാട്' എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രമൊരുങ്ങുന്നുവെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

Update: 2021-07-11 11:06 GMT
Advertising

പശ്ചിമ തമിഴ്‌നാടിനെ വിഭജിച്ച് പുതിയ സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം. മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) പാര്‍ട്ടിയുടെ സംസ്ഥാന യൂത്ത് വിങ് സെക്രട്ടറി വി. ഈശ്വരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ശനിയാഴ്ച നിരാഹാരസമരം നടത്തി.

പശ്ചിമ തമിഴ്‌നാടിനെ വിഭജിച്ച് 'കൊങ്കുനാട്' എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രമൊരുങ്ങുന്നുവെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധമുയരുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എം.ഡി.എം.കെ നേതാവ് വി. ഈശ്വരന്‍ പറഞ്ഞു.

കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായി എല്‍. മുരുകന്‍ സത്യപ്രതിജ്ഞ ചെയ്തതും ഇദ്ദേഹത്തെ 'കൊങ്കുനാട്' സ്വദേശിയായ ഒരാളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നതും പുതിയ സംസ്ഥാനത്തിനായുള്ള കേന്ദ്ര നീക്കത്തെക്കുറിച്ചുള്ള സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആളുകളുടെ മനസിലുള്ള സംശയം നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഈശ്വരന്‍ പറഞ്ഞു.

തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം പോലെ കോങ്കുനാട് സംസ്ഥാനം വേണമെന്ന് ജനങ്ങളില്‍ നിന്നോ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ എന്തെങ്കിലും ആവശ്യമുണ്ടായിട്ടുണ്ടോ എന്ന് വി. ഈശ്വരന്‍ ചോദിച്ചു. കേന്ദ്രം അവരുടെ താല്‍പര്യം ജനങ്ങളില്‍ അടിച്ചേര്‍പ്പിക്കരുത്. സംസ്ഥാനം വിഭജിക്കാന്‍ എന്തെങ്കിലും നീക്കമുണ്ടെങ്കില്‍ അത് ജനങ്ങളുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News