'മാധ്യമങ്ങൾ കംഗാരു കോടതികളായി പ്രവർത്തിക്കുന്നു'; വിമർശനവുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകർക്കുകയും ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ന്യൂഡൽഹി: ടിവി ചർച്ചകളിലെയും സോഷ്യൽ മീഡിയയിലെയും 'കംഗാരു കോടതികൾ' രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. ജഡ്ജിമാർക്കെതിരെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ കാമ്പയിനാണ് നടക്കുന്നത്. ജഡ്ജിമാർക്ക് പെട്ടെന്ന് പ്രതികരിക്കാനാവില്ല. അത് നിസ്സഹായതയോ ദൗർബല്യമോ ആയി കാണരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
''നവമാധ്യമങ്ങൾക്ക് വലിയ പ്രചാരണം നൽകാനുള്ള കഴിവുണ്ട്. എന്നാൽ ശരിയും തെറ്റും, നല്ലതും ചീത്തയും, യാഥാർഥ്യവും വ്യാജവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവില്ല. മാധ്യമവിചാരണകൾ കേസ് തീർപ്പാക്കുമ്പോൾ അത് മാനദണ്ഡമാകാറില്ല. മാധ്യമങ്ങൾ കംഗാരു കോടതികൾ നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില സമയങ്ങളിൽ അനുഭവപരിചയമുള്ള ജഡ്ജിമാർക്ക് പോലും തീരുമാനമെടുക്കാൻ പ്രയാസമാണ്''- ചീഫ് ജസ്റ്റിസ് പറഞ്ഞു.
മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകർക്കുകയും ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അച്ചടിമാധ്യമങ്ങൾക്ക് ഇപ്പോഴും കുറച്ചു വിശ്വാസ്യതയുണ്ട്, എന്നാൽ ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് തീരെ വിശ്വാസ്യതയില്ല കാരണം അവർ കാണിക്കുന്നതെല്ലാം വായുവിൽ അപ്രത്യക്ഷമാവുകയാണ്. സോഷ്യൽ മീഡിയയുടെ അവസ്ഥ അതിലും മോശമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കുന്നതാണ് നല്ലതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം, ജനങ്ങളെ ബോധവത്കരിക്കാനും രാജ്യത്തെ ഊർജസ്വലമാക്കാനും ഇലക്ട്രോണിക് മാധ്യമങ്ങൾ അവരുടെ ശബ്ദം ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.