'മാധ്യമങ്ങള്‍ പലതരത്തില്‍ ആക്രമിക്കപ്പെടുന്നു': മീഡിയവണ്‍ വിലക്ക് പരാമര്‍ശിച്ച് ജസ്റ്റിസ് ലോകൂര്‍

'മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും അവരെ അറസ്റ്റ് ചെയ്യുന്നതും ഉൾപ്പെടെ നിരവധി സംഭവങ്ങളുണ്ടാകുന്നു'

Update: 2022-03-07 09:10 GMT
Advertising

രാജ്യത്ത് മാധ്യമങ്ങൾ പലതരത്തിൽ ആക്രമിക്കപ്പെടുകയാണെന്ന് സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകൂർ. മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. അത് സംരക്ഷിക്കാൻ മാധ്യമ പ്രവർത്തകർ നിലകൊള്ളണമെന്ന് ലോകൂര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തന മേഖലയിലെ മികവിനുള്ള ഐപിഐ-ഇന്ത്യ പുരസ്കാര വിതരണ ചടങ്ങിലായിരുന്നു ജസ്റ്റിസ് ലോകൂറിന്‍റെ പ്രതികരണം. മീഡിയവണ്‍ ചാനലിനെതിരായ വിലക്കും അദ്ദേഹം പരാമര്‍ശിച്ചു.

"മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും അവരെ അറസ്റ്റ് ചെയ്യുന്നതും ഉൾപ്പെടെ നിരവധി സംഭവങ്ങളുണ്ടാകുന്നു. ഇത് ആവശ്യമായതില്‍ കൂടുതൽ ജാഗ്രതയുള്ളവരാകാൻ മാധ്യമപ്രവർത്തകരിൽ 'അതിശയകരമായ സ്വാധീനം' ചെലുത്തുകയാണ്"- ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു.

മാധ്യമങ്ങൾക്ക് നേരെ പല തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ട് എന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യമാണ്. പല മാധ്യമപ്രവർത്തകരും അവരുടെ ജോലി ചെയ്തതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെടുകയും ദീർഘകാലം ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. ചില മാധ്യമപ്രവർത്തകർ അനുസരിക്കാൻ നിർബന്ധിതരാകുന്നു. മാധ്യമ സ്ഥാപനങ്ങൾക്ക് പരസ്യം നൽകാതിരിക്കുകയോ പരസ്യങ്ങളുടെ പണം തടഞ്ഞുവയ്ക്കുകയോ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിലൂടെ ചെറുകിട മാധ്യമ സ്ഥാപനങ്ങളെ തളർത്തുകയാണ് ചെയ്യുന്നതെന്ന് ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു.

കാരണം പറയാതെ മീഡിയവണ്‍ ചാനലിനെ വിലക്കിയത് ജസ്റ്റിസ് ലോകൂര്‍ ചൂണ്ടിക്കാട്ടി- "അടുത്തിടെ ഒരു സംഭവമുണ്ടായി. ദേശ സുരക്ഷയുടെ പേരുപറഞ്ഞ് ഒരു ടെലിവിഷൻ ചാനലിന്റെ ലൈസൻസ് പുതുക്കിയില്ല. പക്ഷേ വിലക്കാനുള്ള കാരണം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല.

'ചില്ലിങ് ഇഫക്റ്റ്' എന്ന പ്രയോഗം ഈ ദിവസങ്ങളിൽ വളരെ സാധാരണമായിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ മുൻകാലങ്ങളിലേതിനേക്കാള്‍ ആവശ്യത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തുന്നവരായി മാറിയിരിക്കുന്നു. മാധ്യമപ്രവർത്തകർ ഭരണഘടനാപരവും മൗലികവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളേണ്ടതുണ്ടെന്നും ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു.

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജസ്റ്റിസ് ലോകൂര്‍ സംസാരിച്ചു. മാനുഷിക പക്ഷത്തു നിന്നുള്ള ആശങ്കകളും ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രാജ്യം നേരിടുന്ന വെല്ലുവിളികളും സംബന്ധിച്ച അന്വേഷണാത്മക റിപ്പോർട്ടുകൾ കൊണ്ടുവരാനാണ് ജസ്റ്റിസ് ലോകൂര്‍ ആഹ്വാനം ചെയ്തത്. അന്വേഷണാത്മക പത്രപ്രവർത്തനം കുറയുകയാണെന്ന് തോന്നുന്നു. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളിലും വെല്ലുവിളികളിലും ഒരെണ്ണം തെരഞ്ഞെടുത്ത് അവയിൽ ചിലതിന്റെ കാരണങ്ങളും ഫലങ്ങളും പരിശോധിക്കാൻ കഴിയില്ലേയെന്ന് ജസ്റ്റിസ് ലോകൂര്‍ ചോദിക്കുന്നു.

2020ൽ കോവിഡ് വ്യാപനത്തിനിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകളിലേക്ക് നടന്നോ സൈക്കിളുകളിലോ ടെമ്പോകളിലോ ട്രക്കുകളിലോ പോകുന്നത് രാജ്യം കണ്ടു. എന്നിട്ട് ആ സമയത്ത് ആരും റോഡിലില്ലായിരുന്നുവെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്. നമ്മുടെ കയ്യില്‍ വസ്തുതകളുണ്ടായിരുന്നോ അതോ ഇല്ലേ?- ജസ്റ്റിസ് ലോകൂര്‍ ചോദിക്കുന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ സാമൂഹിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടേണ്ടതുണ്ട്. അത്തരം റിപ്പോർട്ടിംഗ് "മെച്ചപ്പെട്ട ഭരണത്തിനും നയപരമായ മാറ്റങ്ങൾക്കും" ഇടയാക്കും. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News