'സത്യം പറയാനും അത് ജനങ്ങളെ അറിയിക്കാനും മാധ്യമങ്ങൾക്ക് ബാധ്യത'; മീഡിയവൺ വിധിയിൽ സുപ്രിം കോടതി പറഞ്ഞ പത്തു കാര്യങ്ങൾ
കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിയാണ് സുപ്രിംകോടതിയുടെ ചരിത്രപ്രധാന വിധി
ന്യൂഡൽഹി: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക് നീക്കിയ അന്തിമവിധിയിൽ സുപ്രിംകോടതി നടത്തിയത് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സുപ്രധാന നിരീക്ഷണങ്ങൾ. പൗരാവകാശം നിഷേധിക്കാൻ ദേശസുരക്ഷ ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചരിത്രപ്രധാന വിധിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് ഹിമ കോഹ്‌ലി രണ്ടംഗ ബഞ്ച് വ്യക്തമാക്കി. ചാനലിന്റെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കി നൽകണമെന്നും കോടതി ഉത്തരവിട്ടു.
കോടതി വിധിയിലെ പത്ത് നിരീക്ഷണങ്ങൾ.
1- സത്യം പറയാനും തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയിക്കാനും മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. ജനാധിപത്യത്തെ നേർദിശയിലേക്ക് വഴി നടത്താൻ അത് പൗരന്മാരെ പ്രാപ്തമാക്കുന്നു.
2- സർക്കാർ നയങ്ങൾക്കെതിരെയുള്ള ചാനലിന്റെ വിമർശന കാഴ്ചപ്പാടുകൾ ഭരണകൂട വിരുദ്ധമായി കാണരുത്. അത്തരമൊരു സംജ്ഞ, മാധ്യമങ്ങൾ നിർബന്ധമായും ഭരണകൂടത്തെ പിന്തുണയ്ക്കണം എന്ന പ്രതീക്ഷയെ പ്രതിനിധീകരിക്കുന്നതാണ്. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്.
3- കരുത്തുറ്റ ജനാധിപത്യത്തിന് സ്വതന്ത്രമായ മാധ്യമങ്ങൾ അത്യാവശ്യമാണ്.
4- കാരണം കാണിക്കാതെയുള്ള വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ യുക്തിരഹിത ഉത്തരവ് ഹർജിക്കാരുടെ അവകാശങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണ്.
5- പൗരന്റെ അവകാശങ്ങൾ നിഷേധിക്കാൻ ഭരണകൂടം ദേശസുരക്ഷയുടെ വ്യവഹാരം ഉപയോഗിക്കുകയാണ്. ഇത് ഇത് നിയമവാഴ്ചയ്ക്കു നിരക്കുന്നതല്ല.
6- അന്വേഷണ ഏജൻസികൾ സമർപ്പിച്ച രഹസ്യറിപ്പോർട്ടുകൾ സ്വീകരിക്കാനാകില്ല. മുദ്രവച്ച കവർ നടപടിക്രമം സ്വാഭാവിക നീതി നിഷേധിക്കുന്നു.
7- മീഡിയവണിന് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ട് എന്ന ആരോപണം വഴിതെറ്റിക്കുന്നതാണ്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഒരു നിരോധിത സംഘടനയുമല്ല. മീഡിയവൺ ഓഹരിയുടമകൾ ജമാഅത്തെ ഇസ്‌ലാമിയുടെ ഉടമകളാണ് എന്നതിന് തെളിവില്ല.
8- യുഎപിഎ, എൻആർസി, സിഎഎ തുടങ്ങിയ നിയമങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ, ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനും എതിരെയുള്ള വിമർശനം, ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായി നടത്തിയ റിപ്പോർട്ടുകൾ എന്നിവയാണ് ഇന്റലിജൻസ് ബ്യൂറോ (ഐബി) നൽകിയ റിപ്പോർട്ടിലെ ചിലത്. ഇത് പൊതുമണ്ഡലത്തിലുള്ള വിവരം മാത്രമാണ്. ഭീകരബന്ധം കാണിക്കുന്നതായി ഒന്നുമില്ല.
9- ഇല്ലായ്മയിൽനിന്ന് ദേശസുരക്ഷാ അവകാശവാദങ്ങൾ ഉന്നയിക്കാനാകില്ല. അതിന് വ്യക്തമായ വസ്തുതകൾ വേണം. സമർപ്പിക്കപ്പെട്ട രേഖകളിൽ ഒന്നും ദേശസുരക്ഷയ്‌ക്കോ പൊതുക്രമത്തിനോ എതിരല്ല.
10- സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതിന്റെ കാരണം എന്താണെന്ന് ഹൈക്കോടതി വെളിപ്പെടുത്തിയിട്ടില്ല. അതിലേക്ക് ഹൈക്കോടതിയെ നയിച്ചത് എന്താണ് എന്നറിയില്ല. പ്രശ്‌നത്തിന്റെ സ്വഭാവവും ഗൗരവവും സമർപ്പിക്കപ്പെട്ട ഫയലുകളിൽ തിരിച്ചറിയാൻ ആകുമായിരുന്നില്ല.
2022 ജനുവരി 31നാണ് മീഡിയവണന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര തീരുമാനം. നടപടി ഹൈക്കോടതി സിംഗിൾ ബഞ്ചും പിന്നീട് ഡിവിഷൻ ബഞ്ചും ശരിവച്ചു. ഇതോടെ മീഡിയവൺ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി വിധി കഴിഞ്ഞ വർഷം മാർച്ച് 15നാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.