ധ്യാനം, പ്രഭാത ഭക്ഷണത്തിന് ബ്രഡും ചായയും; കെജ്‍രിവാളിന്‍റെ തിഹാറിലെ ആദ്യദിനം
ഇനി രണ്ടാഴ്ചത്തേക്ക് തിഹാറാണ് കെജ്‍രിവാളിന്‍റെ വസതി. തിഹാറിലെ ജയില്‍ നമ്പര്‍ 2വിലെ സെല്ലിലാണ് അദ്ദേഹം കഴിയുന്നത്
ഡല്‍ഹി: മദ്യനയക്കേസില്‍ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് കഴിയുന്നത്. ഇനി രണ്ടാഴ്ചത്തേക്ക് തിഹാറാണ് കെജ്‍രിവാളിന്‍റെ വസതി. തിഹാറിലെ ജയില്‍ നമ്പര്‍ 2വിലെ സെല്ലിലാണ് അദ്ദേഹം കഴിയുന്നത്.
യോഗയും ധ്യാനത്തോടെയുമാണ് കെജ്‍രിവാളിന്‍റെ ജയിലിലെ ആദ്യ ദിവസം ആരംഭിച്ചത്. 6.40ഓടെയായിരുന്നു പ്രഭാത ഭക്ഷണം. ചായയും കുറച്ചു ബ്രഡുമാണ് രാവിലത്തെ ഭക്ഷണത്തിനൊപ്പം ലഭിക്കുക. കൃത്യം ഉച്ചക്ക് 12 മണിക്ക് ഉച്ചഭക്ഷണം ലഭിക്കും. അതിനു ശേഷം എല്ലാ തടവുകാരെയും പോലെ വൈകിട്ട് മൂന്നു മണിവരെ അവരവരുടെ സെല്ലുകളില്‍ കഴിയണം. വൈകുന്നേരം 5.30 ന് കെജ്‌രിവാളിന് അത്താഴം വിളമ്പും. തുടർന്ന് രാത്രി 7 മണിക്ക് ലോക്കപ്പ് ചെയ്യും. മറ്റ് തടവുകാരെപ്പോലെ ജയിലിനുള്ളിൽ രാവിലെ 5 മുതൽ രാത്രി 11 വരെ കെജ്‌രിവാളിന് ടെലിവിഷൻ കാണാനും സൗകര്യമുണ്ട്. സെല്ലിനുള്ളില്‍ കൊതുകുവല ഉള്ളതിനാല്‍ ഇന്നലെ രാത്രി കെജ്‍രിവാള്‍ സുഖമായി ഉറങ്ങിയതായി വൃത്തങ്ങള്‍ പറഞ്ഞു. എല്ലാ അന്തേവാസികള്‍ക്കും കൊതുകുവലകള്‍ ലഭ്യമാണ്.
സത്യേന്ദർ ജെയിൻ, സഞ്ജയ് സിംഗ്, മനീഷ് സിസോദിയ എന്നിവർക്ക് ശേഷം തിഹാറിലെത്തുന്ന നാലാമത്തെ എഎപി നേതാവാണ് കെജ്‍രിവാള്‍. ഇതേ കേസിൽ 2023 ഒക്ടോബറിൽ അറസ്റ്റിലായ സിങ് നേരത്തെ ജയിൽ നമ്പർ 2ൽ തടവിൽ കഴിഞ്ഞിരുന്നെങ്കിലും അടുത്തിടെ ജയിലിൽ അഞ്ചിലേക്ക് മാറ്റിയിരുന്നു.സിസോദിയ ഒന്നാം നമ്പർ ജയിലിൽ കഴിയുമ്പോൾ ബിആർഎസ് നേതാവ് കെ കവിത വനിതാ വിഭാഗത്തിലെ ആറാം നമ്പർ ജയിലിലാണ്.ഒരു ദശാബ്ദത്തിനു ശേഷമാണ് കെജ്‍രിവാള്‍ വീണ്ടും തിഹാര്‍ ജയിലിലെത്തുന്നത്. 2011ല്‍ അണ്ണാ ഹസാരെയ്‌ക്കൊപ്പം ലോക്‌പാൽ ബില്ലിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അന്ന് ഏഴ് ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. ഇത്തവണ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജയിലിൽ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെ 24 മണിക്കൂറും നിരീക്ഷിക്കാൻ സിസി ടിവിക്ക് പുറമെ സെല്ലിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
പ്രമേഹബാധിതനായതിനാൽ തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ പാകം ചെയ്ത ഭക്ഷണവും മരുന്നും കഴിക്കാൻ എഎപി മേധാവിക്ക് അനുമതി നൽകിയതായി വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.ഒരു ജയിൽ സൂപ്രണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാൻ ഷുഗർ സെൻസറും ഗ്ലൂക്കോമീറ്ററും സൂക്ഷിക്കും. പെട്ടെന്ന് ഷുഗര്‍ കുറയുന്ന സാഹചര്യത്തിൽ മിഠായിയും ഗ്ലൂക്കോഡും മുഖ്യമന്ത്രിക്ക് നൽകും.ജയിൽ അധികൃതർ കെജ്‌രിവാളിന് ജയിൽ സെല്ലിൽ ഒരു കസേരയും മേശയും കിടക്കയും നൽകിയിട്ടുണ്ട്. അതേസമയം ജയിലിലെ സാധാരണ തടവുകാര്‍ക്ക് നല്‍കിയിട്ടുള്ള കിടക്കകളിൽ നിന്ന് വ്യത്യസ്തമാണ് ഈ കിടക്ക.ജയിൽ സെല്ലുമായി ബന്ധപ്പെട്ട് അധികൃതർക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.