ബംഗാൾ സർക്കാരിന് എതിരെ പ്രതിപക്ഷ പാർട്ടികൾ; വിവാദ വീഡിയോ പുറത്ത് വിട്ട് ബിജെപി

ബി.ജെ.പി എം.പിമാർ ഇന്ന് പ്രധാനമന്ത്രിയെ കാണും

Update: 2022-03-30 03:01 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: നിയമസഭയിലെ കയ്യാങ്കളിക്ക് പിന്നാലെ ബംഗാളിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാകുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന വാദം ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാൻ ബിജെപി ശ്രമിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് ബംഗാളിൽ നിന്നുള്ള ബിജെപി എംപിമാർ ഇന്ന് പ്രധാനമന്ത്രിയെ കാണും. ബീർഭൂം കൂട്ടക്കൊലയിൽ സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സിബിഐ അന്വേഷണത്തെ മമത ബാനർജി സർക്കാർ ഭയപ്പെടുന്നു എന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്.

സിബിഐ അന്വേഷണത്തെ മമത ബാനർജി ഭയപ്പെടുകയാണ് എന്ന് പശ്ചിമ ബംഗാൾ കോൺഗ്രസ് പിസിസി അധ്യക്ഷൻ അദ്ധീർ രഞ്ജൻ ചൗധരി ആരോപിച്ചു. എന്നാൽ ബിജെപിയെ ഒറ്റപ്പെടുത്താൻ ഉള്ള നീക്കമാണ് മമത ബാനർജി നടത്തുന്നത്. ബിജെപി വിരുദ്ധ ചേരി സൃഷ്ടിക്കാൻ സഹകരിക്കണം എന്നാവശ്യപ്പെട്ട് ഇതര പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് മമത കത്ത് നൽകിയിട്ടുണ്ട്.

അതേസമയം വോട്ടർമാരെ തൃണമൂൽ കോൺഗ്രസ് എംഎൽഎ നരേൻ ചക്രബർത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇന്നലെ ബിജെപി പുറത്ത് വിട്ടിരുന്നു. തൃണമൂൽ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ ബംഗാളിൽ ക്രമസമാധാന നില തകർന്നെന്ന് സ്ഥാപിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപി ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ഈ ദൃശ്യങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുഗന്ധ മജുംദാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച തൃണമൂൽ കോൺഗ്രസ്, ദൃശ്യങ്ങൾ വ്യാജമാണ് എന്ന് അവകാശപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News