"മൻമോഹനെ ഇപ്പോഴും കാണാറുണ്ട്, നാലു വർഷത്തിനിടെ ഇതുവരെ രാഹുൽ ഗാന്ധിയെ കാണാന്‍ കിട്ടിയിട്ടില്ല"- പൃഥ്വിരാജ് ചൗഹാൻ
പാർട്ടി നേതൃത്വം എല്ലാവർക്കും ബന്ധപ്പെടാനാവുന്നവരാവണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായി പ്രിഥ്വിരാജ് ചൗഹാൻ
ഡല്‍ഹി: കഴിഞ്ഞ നാലുവർഷത്തിനിടെ താൻ രാഹുൽ ഗാന്ധിയുമായി ഒരിക്കൽ പോലും കണ്ടുമുട്ടിയിട്ടില്ല എന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാൻ. വാര്‍ധക്യ സഹചമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മന്‍മോഹന്‍ സിങ്ങുമായി തനിക്ക് ഇപ്പോഴും കൂടിക്കാഴ്ച നടത്താനാവുന്നുണ്ട് എന്നും എന്നാല്‍ കുറേയധികം വര്‍ഷമായി രാഹുല്‍ ഗാന്ധിയെ കാണാന്‍ കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
"ഡൽഹിയിൽ എവിടെയായിരുന്നാലും ഞാൻ മൻമോഹൻ സിങ്ങിനെ കാണാറുണ്ട്. അദ്ദേഹത്തിന്‍റെ ശാരീരികാവസ്ഥ ഇപ്പോൾ അത്ര നല്ല നിലയിലല്ല. എപ്പോഴും അദ്ദേഹം ചികിത്സകളുമായി ബന്ധപ്പെട്ട് ആശുപത്രികളിലാണ്. പക്ഷേ അദ്ദേഹം എപ്പോൾ പോയാലും ഞങ്ങളോട് സംസാരിക്കാൻ തയ്യാറാണ്. സോണിയാ ഗാന്ധിയേയും ഞാൻ പലവുരു ഡൽഹിയിൽ വച്ച് കണ്ടിട്ടുണ്ട്. പക്ഷേ നാലുവർഷത്തിലധികമായി ഞാൻ ഇതുവരെ രാഹുൽ ഗാന്ധിയെ കണ്ടുമുട്ടുകയോ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല. പാർട്ടി നേതൃത്വം എല്ലാവർക്കും ബന്ധപ്പെടാനാവുന്നവരാവണം" ചൗഹാൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞു..
മുൻ കേന്ദ്രമന്ത്രി കൂടിയായ പൃഥ്വിരാജ് ചൗഹാൻ ജി.23 നേതാക്കളിൽ പ്രമുഖനാണ്. 2024 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെങ്കിൽ 12 സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവക്കാനാവണമെന്ന് ചൗഹാൻ കൂട്ടിച്ചേർത്തു. കോൺഗ്രസിൽ ഇപ്പോൾ അനുഭവസമ്പന്നരായ നേതാക്കളും ഊർജസ്സ്വലരായ നേതാക്കളും തമ്മിലുള്ള സംഘർഷമാണ് നടക്കുന്നത് എന്നും എന്നാൽ ഇതു രണ്ടും ചേരുകയാണ് വേണ്ടത് എന്നും ചൗഹാൻ പറഞ്ഞു.