15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു: അഞ്ച് പേര്‍ അറസ്റ്റില്‍
സംഘത്തിലെ രണ്ടു പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
ഭോപ്പാല്‍: പതിനഞ്ചുകാരിയെ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ രണ്ടു പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
വെള്ളിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ അബോധാവസ്ഥയിലാണ് പ്രദേശവാസികള്‍ വിജനമായ സ്ഥലത്ത് കണ്ടെത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 363, 366 (എ) പ്രകാരവും പോക്സോ വകുപ്പിലെ സെക്ഷൻ 11/12, 16/18 പ്രകാരവും കേസെടുത്തു.
എന്താണുണ്ടായതെന്ന് പുറത്തറിഞ്ഞതോടെ രോഷാകുലരായ നാട്ടുകാര്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മണിക്കൂറോളം റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ചചോഡയിലെ കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മണ്‍ സിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അതിജീവിത ഏഴു പേരെ കുറിച്ച് മൊഴി നല്‍കിയിട്ടും അഞ്ച് പ്രതികളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം കുട്ടിയുടെ വൈദ്യപരിശോധനാഫലം ലഭിക്കുന്നേയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
പ്രതികളുടെ സ്വത്തുക്കൾ തകര്‍ക്കണമെന്നും അവരെ പരസ്യമായി റോഡിലൂടെ നടത്തിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി സ്ത്രീകളും പെൺകുട്ടികളും എസ്.ഡി.എം ഓഫീസിലെത്തി. മുൻ മുഖ്യമന്ത്രിയും മധ്യപ്രദേശിലെ കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥും സംഭവത്തെ അപലപിച്ചു.