'ഒരാൾ മരിച്ചെന്നറിഞ്ഞിട്ടും തിയറ്റർ വിട്ടുപോയില്ല... പുഷ്‌പ ഹിറ്റടിക്കുമെന്ന് പ്രതികരിച്ചു'- അല്ലു അർജുനെതിരെ രേവന്ത്​ റെഡ്ഡി

പൊലീസ് അനുമതിയോടെയാണ് സന്ധ്യ തിയറ്ററിലെത്തിയതെന്ന് അല്ലു അർജുൻ, , തന്നെ സ്വഭാവഹത്യ ചെയ്യാനാണ് ശ്രമമെന്നും താരം പ്രതികരിച്ചു.

Update: 2024-12-21 17:11 GMT
Editor : banuisahak | By : Web Desk
Advertising

ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത്​ റെഡ്ഡി. തിയറ്റർ വിട്ടുപോകാൻ ആദ്യം അല്ലു അർജുൻ വിസമ്മതിച്ചെന്നും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് താക്കീത് നൽകിയപ്പോഴാണ് താരം പോയതെന്നും നിയമസഭയിൽ വ്യക്​തമാക്കി.

സംഭവം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ യാതൊരു കാരണവശാലും സിനിമാ താരങ്ങളെ ക്ഷണിക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ, മുന്നറിയിപ്പ് അവ​ഗണിച്ചുകൊണ്ട് തുറന്ന കാറിൽ അല്ലു അർജുൻ തിയറ്ററിലേക്ക് എത്തുകയായിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും അവരുടെ മകന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, കുടുംബത്തെ സന്ദർശിക്കാനോ ആശ്വസിപ്പിക്കാനോ താരം തയാറായില്ലെന്നും രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി.

തെലങ്കാന സർക്കാർ സ്പെഷൽ ഷോ സംഘടിപ്പിക്കുന്നതിന് എതിരല്ല. എന്നാൽ, ഇത്തരം മരണങ്ങൾ സംഭവിക്കുമ്പോൾ നമ്മളത് കണ്ടില്ലെന്ന് നടിക്കുകയാണോ വേണ്ടത്? അതാണോ നീതി? അംബേദ്കർ രൂപകൽപന ചെയ്ത ഭരണഘടനയാണ് നമ്മൾ പിന്തുടരുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.

അല്ലു അർജുനെതിരെ എഐഎംഐഎം പാർട്ടി നേതാവ് അക്ബറുദ്ദീൻ ഉവൈസിയും രം​ഗത്തുവന്നു. ‘യുവതിയുടെ മരണത്തെക്കുറിച്ച് അറിയിച്ചപ്പോൾ സിനിമ ഹിറ്റടിക്കുമെന്നാണ് താരം പറഞ്ഞത്. ഒരാൾക്ക് എങ്ങനെയാണ് ഇങ്ങനെ മനുഷ്യത്വരഹിതമായി സംസാരിക്കാൻ കഴിയുക?’ -ഉവൈസി ആഞ്ഞടിച്ചു. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചാലും പാർട്ടി സർക്കാറിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി അല്ലു അർജുനും രംഗത്തെത്തി. പൊലീസ് അനുമതിയോടെയാണ് സന്ധ്യ തിയറ്ററിലെത്തിയത്. പ്രകടനമോ ജാഥയോ നടത്തിയിട്ടില്ലെന്നും, തന്നെ സ്വഭാവഹത്യ ചെയ്യാനാണ് ശ്രമമെന്നും അല്ലു അർജുൻ പറഞ്ഞു. തിയേറ്ററിലേക്കെത്തെരുതെന്ന് പൊലീസ് അല്ലുവിന് നിർദേശം നൽകിയെന്ന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു താരത്തിന്റെ മറുപടി.

ഈ മാസം ഡിസംബർ നാലിനാണ് പുഷ്പ-2 പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലുംപെട്ട് 35 കാരിയായ രേവതി മരണപ്പെടുകയും ഒമ്പതു വയസ്സുകാരനായ മകൻ ശ്രീ തേജിന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. കുട്ടിയുടെ​ മസ്​തിഷ്​ക മരണം സ്​ഥിരീകരിച്ചിട്ടുണ്ട്​. സംഭവത്തിൽ പൊലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News