മധ്യപ്രദേശിൽ 11കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; ശരീരമാസകലം കടിയേറ്റ പാടുകൾ
സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
ഭോപാൽ: മധ്യപ്രദേശിൽ പതിനൊന്നുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയായ നിലയിൽ കണ്ടെത്തി. സത്‍ന ജില്ലയിലെ മൈഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രശസ്തമായ മൈഹാറിലെ ക്ഷേത്രത്തിന് സമീപമുള്ള കാട്ടിൽ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിലൊരാൾ ക്ഷേത്ര ഭരണസമിതി നടത്തുന്ന ഗോശാലയിലെ ജോലിക്കാരനാണെന്നും പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കളും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കാട്ടിൽ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ശരീരമാസകലം കടിയേറ്റ പാടുകളുണ്ട്. മൈഹാറിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിർദേശം നൽകി. സംസ്ഥാനത്തെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് രംഗത്തെത്തി.