ജനങ്ങൾ എന്ത് കഴിക്കണമെന്ന് പറയുന്നത് സർക്കാരിന്റെ പണിയല്ല-കേന്ദ്രമന്ത്രി നഖ്‌വി

യതി നരസിംഹാനന്ദിന്റെ വിദ്വേഷ പ്രസംഗം 'ചീപ്പ് പബ്ലിസിറ്റി'ക്ക് വേണ്ടിയുള്ളതാണെന്നും അത്തരക്കാരെ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും വേണമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു

Update: 2022-04-17 13:02 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: സ്വന്തം വിശ്വാസം അനുവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യക്കാർക്കുണ്ടെന്നും എന്തു കഴിക്കണമെന്ന് ജനങ്ങളെ കൽപിക്കൽ സർക്കാരിന്റെ പണിയല്ലെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. രാജ്യത്ത് മതവിഭാഗങ്ങൾക്കിടയിൽ അസഹിഷ്ണുത നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എക്കോണമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മുക്താർ അബ്ബാസ് നഖ്‌വി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ സമാധാനവും സമൃദ്ധിയും ദഹിക്കാത്ത ചില തീവ്രകക്ഷികൾ എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യൻ സംസ്‌കാരത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. എന്തു കഴിക്കണമെന്ന് ജനങ്ങളോട് നിർദേശിക്കൽ സർക്കാരിന്റെ പണിയല്ല. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഇഷ്ടമുള്ളതെല്ലാം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്-നഖ്‌വി പറഞ്ഞു.

ഇന്ത്യയിൽ ഹിജാബ് വിലക്കൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാർക്കറ്റിലും അല്ലാത്തിടത്തുമെല്ലാം ഹിജാബ് ധരിക്കാം. എന്നാൽ, ഓരോ കോളജിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു ഡ്രസ്‌കോഡും അച്ചടക്കവുമെല്ലാം ഉണ്ടാകും. അത് നമ്മൽ അംഗീകരിച്ചേ മതിയാകൂ. അത് ഇഷ്ടമല്ലെങ്കിൽ നിങ്ങൾക്ക് മറ്റൊരു സ്ഥാപനം തിരഞ്ഞെടുക്കാവുന്നതാണെന്നും മുക്താർ അബ്ബാസ് നഖ്‌വി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദിന്റെ വിദ്വേഷ പ്രസംഗത്തെക്കുറിച്ചും നഖ്‌വി അഭിമുഖത്തിൽ പ്രതികരിച്ചു. രാജ്യത്ത് മുസ്‌ലിം പ്രധാനമന്ത്രി വന്നാൽ 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടുമെന്നും ബാക്കിയുള്ളവർ മതംമാറുമെന്നുമുള്ള നരസിംഹാനന്ദിന്റെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാ സമുദായത്തിലും സമൂഹത്തിലും അത്തരക്കാരുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. 'ചീപ്പ് പബ്ലിസിറ്റി'ക്കും സ്വാർത്ഥതാൽപര്യങ്ങൾക്കും വേണ്ടിയാണ് അവർ അത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇന്ത്യയുടെ സാംസ്‌കാരികവും സാമൂഹികവുമായ സമഭാവനയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തുന്ന അത്തരക്കാരെ അവഗണിക്കാനും ഒറ്റപ്പെടുത്താനും സമൂഹം തയാറാകണമെന്നും മുക്താർ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു.

Summary: It's not government's job to tell people what to eat, says Minority Affairs Minister Mukhtar Abbas Naqvi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News