രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ
ആഴ്ചകളായി യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു
കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം ഗവർണറെ കണ്ട് രാജിക്കത്ത് നൽകും. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി പ്രഖ്യാപനം. ആഴ്ചകളായി യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അടല്‍ ബിഹാരി വായ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍ അറിയിച്ചതായും കര്‍ണാടക നിയമസഭയില്‍ വികാരാധീനനായി യെഡിയൂരപ്പ പറഞ്ഞു. 'കര്‍ണാടകയില്‍ ബിജെപി വളര്‍ന്നു. എനിക്ക് എപ്പോഴും അഗ്നിപരീക്ഷയായിരുന്നു. ഈ രണ്ടുവര്‍ഷം അത് കോവിഡിന്റെ രൂപത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് ഞാന്‍ രാജിവയ്ക്കും' -കണ്ണീരോടെ യെഡിയൂരപ്പ പറഞ്ഞു.
കർണാടകയിലെ ബിജെപി സർക്കാരിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലവിലെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ "നല്ല പ്രവർത്തനം" ആണ് നടത്തിയതെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് കൈകാര്യം ചെയ്‌തതിലെ വീഴ്‌ചയും മകൻ ഭരണത്തിൽ ഇടപെടുന്നതും ഉയർത്തിയ പ്രതിഷേധ കൊടുംങ്കാറ്റിൽ യെദ്യൂരപ്പ വീഴുമെന്ന സൂചന ശക്തമായിരുന്നു.
യെഡിയൂരപ്പയെ മാറ്റുന്നതിന് എതിരായി, സംസ്ഥാനത്തെ പ്രമുഖരായ ലിംഗായത്ത് സമുദായം മുന്നോട്ടുവന്നിരുന്നു. സമുദായ നേതാക്കള്‍ പരസ്യമായി രംഗത്തുവരികയും പാര്‍ട്ടിക്കു മുന്നറിയിപ്പു നല്‍കിയിട്ടും നേതൃമാറ്റത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വം പിന്നോട്ടുപോവാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യെഡിയൂരപ്പ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയെയും കണ്ടിരുന്നു.