സെൽഫിയെടുത്ത് ആദിത്യ; ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവും പകർത്തി
ദൃശ്യങ്ങൾ ഐഎസ്ആർഒ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു.
ന്യൂഡൽഹി: ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ഇന്ത്യയുടെ സൗരദൗത്യ വാഹനമായ ആദിത്യ എൽ1. സാങ്കൽപ്പിക ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടെ സ്വന്തം ചിത്രവും പകർത്തി ആദിത്യ ഭൂമിയിലേക്കയച്ചു. ദൃശ്യങ്ങൾ ഐഎസ്ആർഒ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു.
രണ്ടു ഭ്രമണപഥ ഉയർത്തലുകൾ വിജയകരമായി പൂർത്തീകരിച്ച് അടുത്ത ഉയർത്തലിനായി ഒരുങ്ങുകയാണ് ആദിത്യ. ആകെ അഞ്ചു തവണ ഭ്രമണപഥം ഉയർത്തിയ ശേഷമാണ് സൂര്യനോട് ഏറ്റവും അടുത്തുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിന് (എൽ1) ചുറ്റുമുള്ള സാങ്കൽപ്പിക ഭ്രമണപഥത്തിലേക്ക് പേടകമെത്തുക.
സെപ്തംബർ രണ്ടിന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസത്തെ യാത്രയ്ക്ക് ശേഷമാകും ആദിത്യ ലക്ഷ്യമായ ലഗ്രാഞ്ച് പോയിന്റിലെത്തുക.
ഭ്രമണപഥത്തിലെത്തിയ ശേഷം അഞ്ചു വർഷത്തോളം സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെ കുറിച്ച് ആദിത്യ പഠനം നടത്തും. ബംഗളൂരു, പോർട്ബ്ലയർ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ഇസ്ട്രാക്/ഐഎസ്ആർഒ ഗ്രൗണ്ട് സ്‌റ്റേഷനുകളാണ് സാറ്റലൈറ്റിനെ നിയന്ത്രിക്കുന്നത്.