'ഞങ്ങള്‍ മ്യാന്‍മറില്‍ നിന്ന് വന്നവരല്ല, ഇന്ത്യക്കാരാണ്': അമിത് ഷായ്ക്കെതിരെ എന്‍.ഡി.എ ഘടകകക്ഷി എം.പി

എം.എന്‍.എഫ് എം.പി വൻലാൽവനയാണ് രാജ്യസഭയില്‍ അമിത് ഷായെ തിരുത്തിയത്

Update: 2023-08-11 08:48 GMT
Advertising

ഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷങ്ങളെ കുറിച്ച് സംസാരിക്കവേ മ്യാന്‍മറില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം പരാമര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി എന്‍.ഡി.എ ഘടകകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്). രാജ്യസഭയില്‍ എം.എന്‍.എഫ് എം.പി വൻലാൽവനയാണ് അമിത് ഷായെ തിരുത്തിയത്. മണിപ്പൂരിലെ ഗോത്രവിഭാഗം നുഴഞ്ഞുകയറ്റക്കാരല്ലെന്നും ബ്രിട്ടീഷ് കോളനിവത്കരണത്തിനും മുന്‍പു തന്നെ രാജ്യത്തുള്ളവരാണെന്നും എം.പി പറഞ്ഞു.

"ഞാന്‍ മിസോറാമില്‍ നിന്നുള്ളയാളാണ്. ഞാന്‍ ഗോത്രവര്‍ഗക്കാരനായ എം.പിയാണ്. മണിപ്പൂരിലെ ഗോത്രവർഗക്കാർ മ്യാൻമറില്‍ നിന്നുള്ളവരാണെന്ന് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പറഞ്ഞു. ഞങ്ങൾ മ്യാൻമറില്‍ നിന്നുള്ളവരല്ല. ഞങ്ങൾ ഇന്ത്യക്കാരാണ്. 200 വർഷമായി ഞങ്ങൾ ഇവിടെ താമസിക്കുന്നു"- വൻലാൽവന രാജ്യസഭയില്‍ പറഞ്ഞു.

വൻലാൽവന സംസാരിക്കുന്നതിനിടെ മൈക്രോഫോൺ ഓഫ് ചെയ്തു. എം.പി പറഞ്ഞത് രേഖകളിലുണ്ടാവില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ ജഗ്‍ദീപ് ധന്‍കര്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷം മിസോ നാഷണൽ ഫ്രണ്ട് എം.പിയെ പിന്തുണച്ചു.

"മണിപ്പൂരിൽ 300 പള്ളികൾ കത്തിച്ചു എന്ന് അവകാശപ്പെടുകയും അതിനെ പുതിയ ലോകചരിത്രം എന്ന് വിളിക്കുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ പോലും ഇത് സംഭവിച്ചിട്ടില്ല. 300ലധികം പള്ളികൾ കത്തിച്ചിട്ടും നമ്മൾ ഇപ്പോഴും മതേതര രാജ്യമാണോ? വടക്കുകിഴക്കൻ മലയോര പ്രദേശങ്ങൾ ആദിവാസികളുടേതാണ്. അവരെ നമ്മൾ സംരക്ഷിക്കണം. മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട് മാത്രമാണ് ഞാൻ എൻ.ഡി.എയെ എതിർക്കുന്നത്. ഞങ്ങൾ എൻ.ഡി.എയുടെ ഭാഗമായി തുടരുകയും കേന്ദ്രത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു" എന്ന് വൻലാൽവന പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയാണ് മണിപ്പൂരിലേക്ക് മ്യാന്‍മറില്‍ നിന്ന് നുഴഞ്ഞുകയറ്റമുണ്ടെന്ന് അമിത് ഷാ പറഞ്ഞത്. മ്യാൻമറിലെ 2021ലെ സൈനിക അട്ടിമറിക്ക് ശേഷം കുകി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടന സൈനിക നേതൃത്വത്തിനെതിരെ പോരാടാൻ തുടങ്ങി. മ്യാൻമറിലെ സംഘർഷം കാരണം നിരവധി കുകികൾ മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് എത്തി. ഈ കടന്നുകയറ്റം മെയ്തെയ് വിഭാഗത്തെ ആശങ്കയിലാക്കിയെന്നാണ് അമിത് ഷാ പറഞ്ഞത്. അമിത് ഷായുടെ പരാമർശത്തിനെതിരെ എം.എന്‍.എഫിനു പുറമെ വിവിധ ട്രൈബല്‍ സംഘടനകളും രംഗത്തെത്തി.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News