'ഇരട്ടി ശബ്ദത്തില്‍ ഹനുമാന്‍ ചാലിസ കേള്‍പ്പിക്കും': വീണ്ടും ഭീഷണിയുമായി രാജ് താക്കറെ

പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ ഉത്തരവിന് കാത്തുനിൽക്കാതെ നടപടിയെടുക്കാന്‍ ഉദ്ധവ് താക്കറെയുടെ ഉത്തരവ്

Update: 2022-05-04 09:54 GMT
Advertising

മുംബൈ: ഉച്ചഭാഷിണി വിഷയത്തിൽ വീണ്ടും ഭീഷണിയുമായി മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ ചാലിസ കേള്‍പ്പിക്കുമെന്ന ഭീഷണി രാജ് താക്കറെ ആവര്‍ത്തിച്ചു.

"മുംബൈയിൽ 1,140 പള്ളികളുണ്ട്. അതിൽ 135 പള്ളികൾ ഇന്നു രാവിലെ 5നും 6നും ഇടയിലായി ഉച്ചഭാഷിണി ഉപയോഗിച്ചു. നിങ്ങൾ (സംസ്ഥാന സർക്കാർ) ഞങ്ങളുടെ പ്രവര്‍ത്തകരെ തടങ്കലിൽ വയ്ക്കുകയും അവർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്യുന്നു. തെറ്റ് ചെയ്യുന്ന പള്ളികൾക്കെതിരെ നിങ്ങൾ എന്ത് നടപടി സ്വീകരിക്കുന്നു? ഉച്ചഭാഷിണി ഉപയോഗിച്ച് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല?"- രാജ് താക്കറെ പറഞ്ഞു.

ഇത് മതപരമായ വിഷയമല്ലന്നും സാമൂഹ്യപ്രശ്നമാണെന്നും രാജ് താക്കറെ പറഞ്ഞു- "മസ്ജിദുകളിൽ മാത്രമല്ല, നിരവധി ക്ഷേത്രങ്ങളിലും നിയമവിരുദ്ധമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നുണ്ട്. ഞാൻ പ്രാർഥനക്ക് എതിരല്ല. പക്ഷേ നിങ്ങൾക്ക് എന്തിനാണ് ഉച്ചഭാഷിണികളും മൈക്കുകളും? എന്തുകൊണ്ടാണ് നിങ്ങളുടെ പ്രാർഥനകൾ കേൾക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഭൂരിഭാഗം മസ്ജിദുകളും അനധികൃതമാണ്. അതിന് മുകളിലുള്ള ഉച്ചഭാഷിണികളും അനധികൃതമാണ്. അനുമതി നൽകുന്നതോടെ നിങ്ങൾ അതിന് അംഗീകാരം നൽകുകയാണ്"- രാജ് താക്കറെ വിശദീകരിച്ചു. സുപ്രിംകോടതി മാനദണ്ഡങ്ങൾ മറികടന്ന് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന പള്ളികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് രാജ് താക്കറെ ആരോപിച്ചു. തന്‍റെ പാർട്ടി പ്രവർത്തകരെ മാത്രമാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.

മേയ് മൂന്നിനകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് രാജ് താക്കറെ നേരത്തെ മഹാരാഷ്ട്ര സർക്കാറിന് 'അന്ത്യശാസനം' നൽകിയിരുന്നു. ഇന്നു രാവിലെ 5.30ഓടെ പള്ളികളിൽ നിന്നും ബാങ്ക് വിളിച്ച സമയം മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും എം.എൻ.എസ് പ്രവർത്തകർ ഉച്ചഭാഷിണികളിൽ ഹനുമാൻ കീർത്തനങ്ങൾ കേൾപ്പിച്ചു. പ്രകോപനം സൃഷ്ടിച്ച 27 പേരെ നാസിക്കിൽ നിന്നും അറസ്റ്റ് ചെയ്തു. ഔറംഗാബാദിൽ നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ പള്ളികൾക്ക് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. രാജ് താക്കറെയുടെ വസതിക്ക് മുന്നിലും പൊലീസ് സുരക്ഷ ഒരുക്കി. 

സംസ്ഥാനത്തെ ക്രമസമാധാന നില മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ ഉത്തരവിന് കാത്ത് നിൽക്കാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ഹോംഗാർഡുമാരെയും സംസ്ഥാന റിസർവ് പൊലീസിലെ ഉദ്യോഗസ്ഥരെയും ക്രമസമാധാന ചുമതലയിൽ അധികമായി വിന്യസിച്ചു. ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്നിൽ ഹനുമാൻ കീർത്തനം ചൊല്ലാൻ ശ്രമിച്ച എം.എൽ.എ രവി റാണക്കും എം.പി നവനീത് റാണക്കും കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. പ്രകോപനം സൃഷ്ടിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്.

Summary- Maharashtra Navnirman Sena (MNS) chief Raj Thackeray Wednesday said that the protest in the form of playing the Hanuman Chalisa in front of mosques will continue until all loudspeakers are removed from the mosque

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News