ജയ്‍ശ്രീ റാം വിളികളുമായെത്തി ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ദലിതർ പള്ളിയിൽ പ്രാർഥിക്കുന്നതിനിടെയായിരുന്നു ആക്രമണം

Update: 2024-02-16 07:54 GMT
Editor : Jaisy Thomas | By : Web Desk

പള്ളി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

Advertising

ഹൈദരാബാദ്: തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ ജൻവാഡ ഗ്രാമത്തിൽ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 20 ദലിതര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കുകയും ചെയ്തു. യാദവ്, മുദിരാജ് വിഭാഗം, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തുടങ്ങി 200 പേരടങ്ങുന്ന സംഘം റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്‍റെ പേരില്‍ മദിഗ സമുദായത്തിലെ ദലിതുകളെ ആക്രമിക്കുകയായിരുന്നു. ദലിതർ പള്ളിയിൽ പ്രാർഥിക്കുന്നതിനിടെയായിരുന്നു ആക്രമണം.

‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം മുഴക്കി അക്രമികൾ പള്ളിയുടെ കുരിശടിയും കസേരകളും മേൽക്കൂരയും നശിപ്പിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഗ്രാമത്തിലെ ഒരു റോഡ് വീതി കൂട്ടുന്നതിനെ ചൊല്ലി ഗ്രാമത്തിലെ ദലിത് ക്രിസ്ത്യാനികളും ഇതര ജാതിക്കാരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.പള്ളിയുടെ ഒരു ഭാഗം കയ്യേറിയാണ് റോഡ് നിര്‍മിക്കുന്നതെന്നാണ് ദലിതരുടെ ആരോപണം. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ ജൻവാഡ വില്ലേജിലെ പ്രധാന ജംഗ്ഷനു സമീപം കോൺക്രീറ്റ് സിമൻ്റ് റോഡിന്‍റെ നിര്‍മാണം നടക്കുകയായിരുന്നു. അതേസമയം, റോഡിൻ്റെ നിർമാണം നിലവിലുള്ള വീതിയിൽ തന്നെ വേണമെന്ന് പറഞ്ഞ് പള്ളിയിലുണ്ടായിരുന്ന ചിലര്‍ എതിര്‍ത്തു. ഇതിൽ പ്രകോപിതനായ, റോഡ് നിർമാണത്തിൻ്റെ ചുമതലയുള്ള കോൺഗ്രസിൻ്റെ മുൻ മണ്ഡല് പരിഷത്ത് ടെറിട്ടോറിയൽ മണ്ഡലം (എംപിടിസി) അംഗം തലസരി മൈസ, ദലിതരെ ജാതീയമായി അധിക്ഷേപിച്ചു. താമസിയാതെ, സ്ഥിതിഗതികൾ വഷളാവുകയും ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ ഉയർത്തി ഇതരജാതി വിഭാഗത്തിൽപ്പെട്ട 200 ഓളം പേർ പള്ളി ആക്രമിക്കുകയും ചെയ്തു.റോഡ് നിർമാണത്തിന് ഉപയോഗിച്ച കല്ലു കൊണ്ട് ദലിതര്‍ക്ക് നേരെ എറിഞ്ഞുവെന്നും പരാതിയുണ്ട്.

ആൾക്കൂട്ടം പള്ളി പിടിച്ചടക്കുന്നതിന്‍റെയും സ്ത്രീകൾ സഹായത്തിനായി നിലവിളിക്കുന്നതിന്‍റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ഏതാനും പൊലീസുകാർക്കും സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ആക്രമണത്തിൽ പരിക്കേറ്റ സഭാതലവൻ കെ. ബാലയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊകില പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യപ്രതികളായ തലരി മൈസയ്യ, ഗൗഡിചർള നരസിംഹ എന്നിവരുൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവർ ഒളിവിലാണെന്നും മൊകില പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബി വീരബാബു പറഞ്ഞു. ചേവെല്ലയിലെ ശങ്കര്‍പല്ലെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ജന്‍വാഡ ഗ്രാമത്തില്‍ യാദവ, മുദിരാജ് വിഭാഗത്തില്‍ പെട്ടവരാണ് ഭൂരിഭാഗം. മൂന്ന് കോളനികളിലായി 700 പട്ടികജാതി മദിഗ അംഗങ്ങൾ താമസിക്കുന്നുണ്ട്. അതിൽ മാദിഗ ക്രിസ്ത്യാനികൾ രണ്ട് കോളനികളിലായി താമസിക്കുന്നു. ഗ്രാമത്തിൽ മൂന്ന് പള്ളികളുണ്ട്.

ആക്രമണത്തിൻ്റെ തലേദിവസം പള്ളിയുടെ സ്ഥലം കയ്യേറി റോഡ് നിര്‍മിക്കരുതെന്ന് പള്ളിയിലെ മുതിർന്നവർ തലസരി മൈസയെയും ഗൗഡിചെർല നരസിംഹയെയും അറിയിച്ചതായി താമസക്കാർ പറയുന്നു.സംഭവം ആസൂത്രിതമാണെന്ന് ബി.എസ്.പി നേതാവ് വിജയ് ആര്യ ആരോപിച്ചു. മുന്‍ സര്‍പഞ്ച് ലളിത ബിആര്‍എസിന്‍റെ പിന്തുണയോടെ വിജയിച്ച ആളാണെങ്കിലും ഭര്‍ത്താവ് ഗൗഡി ചെര്‍ള നരസിംഹ ബി.ജെ.പിയുമായി ബന്ധമുള്ളയാണ്. ഗ്രാമത്തിലെ ബജ്‌റംഗ് ദൾ അംഗങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ട്,” ഐടി മേഖലയിൽ ജോലി ചെയ്യുന്ന ദലിത് യുവാവ് മഹേഷ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News