അറുതിയില്ലാതെ ആൾക്കൂട്ട കൊലപാതകങ്ങൾ; മൂന്നാം മോദി സർക്കാർ അധികാരമേറ്റ് ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് ഒൻപത് പേർ
മധ്യപ്രദേശ്, തെലങ്കാന, ഒഡിഷ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിനു ശേഷം വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വീണ്ടും വർധിക്കുന്നു. മോദി സർക്കാർ അധികാരമേറ്റ് ഒരുമാസത്തിനിടെ ഒൻപത് പേരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അറുതിയില്ലാതെ തുടരുന്ന കൊലപാകങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിന്നാലെ ജൂൺ 7 ആം തീയ്യതി ആദ്യത്തെ ആൾക്കൂട്ട കൊലപാതകത്തിൽ രാജ്യം നടുങ്ങിയത്. മൂന്ന് മുസ്‍ലിം യുവാക്കളെയാണ് പശുക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിലെ റായ്പൂരിൽ ഒരുമിച്ച് കൊലപ്പെടുത്തിയത്. സദാം ഖുറേഷി, ചാന്ദ് മിയ ഖാൻ, ഗുഡ്ഡു ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ജൂൺ 18ന് അടുത്ത കൊലപാതകം. ഉത്തർപ്രദേശിലെ അലിഗഡിൽ 35 കാരനായ ഫരീദിനെ മോഷണക്കുറ്റം ആരോപിച്ച് ഹിന്ദുത്വവാദികൾ കൊലപ്പെടുത്തി. ഇരുമ്പ് വടികളുപയോഗിച്ച് മർദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
ജൂൺ 22 ഗുജറാത്തിലെ ചികോദ്രയിൽ ക്രിക്കറ്റ് മത്സരം കാണാനായെത്തിയ ജനക്കൂട്ടത്തിനു മുന്നിൽവച്ചാണ് സൽമാൻ വോഹ്റ എന്ന 23 കാരനെ കൊലപ്പെടുത്തിയത്. ചെവിയുടെ ഒരുഭാഗം അറ്റുപോയിരുന്നു. തൊട്ടടുത്ത ദിവസം മതം മാറ്റം ആരോപിച്ച് ഛത്തീസ്ഗഢിലെ ദന്തെവാഡയിൽ ബിന്ദു സോധി എന്ന ക്രിസ്ത്യൻ യുവതിയും കൊല്ലപ്പെട്ടു. ജൂൺ 28 ന് കൊൽക്കത്തയിൽ മൊബൈൽ മോഷണം ആരോപിച്ച് രണ്ട് മുസ്‌ലിം ചെറുപ്പക്കാരെയും കൊലപ്പെടുത്തി. ഏറ്റവും ഒടുവിൽ വ്യാഴാഴ്ച മോഷണക്കുറ്റം ആരോപിച്ച് യു.പി ജലാലാബദിൽ ഫിറോസ് ഖുറേഷി എന്ന മുസ്‍ലിം ചെറുപ്പക്കാരന്റെ ജീവനും നഷ്ടമായി.
മധ്യപ്രദേശ്, തെലങ്കാന, ഒഡിഷ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിനു ശേഷം വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. അസോസിയേഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് അക്രമങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.ജൂണ്‍ 26ന് പ്രസിദ്ധീകരിച്ച യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ മതസ്വാതന്ത്ര്യ റിപോര്‍ട്ടില്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്.