അനാവശ്യമായ സിനിമാ ചര്‍ച്ചകളില്‍ നിന്നും ബി.ജെ.പി നേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് മോദി
ബോളീവുഡ് ചിത്രങ്ങൾക്കെതിരെ സംഘപരിവാരിൽ നിന്നും ബഹിഷ്‌കരണാഹ്വാനവും ഭീഷണിയും ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ നിർദേശം
മുംബൈ: അനാവശ്യമായ ചർച്ചകളിൽ നിന്നും ബി.ജെ.പി നേതാക്കളും പ്രവർത്തകരും വിട്ടുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയെ കുറിച്ചുള്ള അപ്രസക്തമായ ചർച്ചകളിൽ നിന്നും നേതാക്കൾ വിട്ടുനിൽക്കണം. ഇത് പാർട്ടിയുടെ വികസന അജണ്ടയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ബോളീവുഡ് ചിത്രങ്ങൾക്കെതിരെ സംഘപരിവാരിൽ നിന്നും ബഹിഷ്‌കരണാഹ്വാനവും ഭീഷണിയും ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ നിർദേശം. ഏറ്റവുമൊടുവിലായി ഷാരൂഖ് ഖാൻ - ദീപിക പദുക്കോണ്‍ ചിത്രം പഠാനെതിരെ വലിയ തോതിലുള്ള ബോയിക്കോട്ട് ആഹ്വാനമാണ് ഉണ്ടായത്. താരങ്ങൾക്കെതിരെ വധഭീഷണിയുൾപ്പെടെയുണ്ടായിരുന്നു.
പഠാനിലെ 'ബേഷറം റാംഗ്' എന്ന ഗാനം പുറത്തുവന്നതോടെയാണ് സിനിമ വിവാദങ്ങളിൽ ഇടംപിടിക്കുന്നത്. ഗാനരംഗത്തിൽ ദീപിക അണിഞ്ഞ വസ്ത്രത്തിൻറെ നിറമാണ് വിമർശകരെ ചൊടിപ്പിച്ചത്. ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യമുയരുകയും താരങ്ങളുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് സിനിമയിൽ മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡും ആവശ്യപ്പെട്ടു. ഗാനരംഗങ്ങളിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ വരുത്താനും പുതുക്കിയ പതിപ്പ് സമർപ്പിക്കാനും നിർമാതാക്കളോട് നിർദേശിച്ചെന്ന് സെൻസർ ബോർഡ് ചെയർപെഴ്‌സൺ പ്രസൂൺ ജോഷി അറിയിച്ചിരുന്നു.