'മോദി ബാബൂ, ബംഗാൾ കത്തിച്ചാൽ അവിടം കൊണ്ട് തീരില്ല': പ്രധാനമന്ത്രിയെ ഉന്നമിട്ട് മമത, രാജിവെക്കണമെന്ന് ബി.ജെ.പി

ബംഗാളിൽ പ്രശ്‌നമുണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മമത നല്‍കിയത്.

Update: 2024-08-28 16:40 GMT
Editor : rishad | By : Web Desk
Advertising

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാളിൽ സംഘർഷം ശക്തമാകുന്നതിനിടയിൽ വിവാദ പരാമർശവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.

ബംഗാളിൽ പ്രശ്‌നമുണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മമത നല്‍കിയത്.

'' മോദി ബാബൂ( നരേന്ദ്ര മോദി), നിങ്ങൾ നിങ്ങളുടെ പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ഇവിടെ കത്തിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ ഒന്നോർത്തോളൂ, ബംഗാൾ കത്തിയാൽ ഇവിടം മാത്രം നിൽക്കില്ല, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും കത്തും''- മമത പറഞ്ഞു. ഡല്‍ഹിയിലും പ്രത്യാഘാതങ്ങളുണ്ടാകുമെന്നും നിങ്ങളിരിക്കുന്ന കസേരക്ക് ഇളക്കം തട്ടുമെന്ന മുന്നറിയിപ്പും മമത നല്‍കി.  തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്ത് (ടിഎംസിപി) സ്ഥാപക ദിന റാലിയിൽ സംസാരിക്കുകയായിരുന്നു മമത. 

''ഇത് ബംഗ്ലാദേശാണെന്നാണ് ചിലർ കരുതുന്നത്. ഞാൻ ബംഗ്ലാദേശിനെ ഇഷ്ടപ്പെടുന്നു, കാരണം അവരുടെ ഭാഷയും സംസ്കാരവുമെല്ലാം നമ്മളെപ്പോലെയാണ്. എന്നിരുന്നാലും, ബംഗ്ലാദേശും ഇന്ത്യയും വേറെ വേറെ രാജ്യങ്ങളാണ്''- മമത പ്രസംഗത്തിനിടെ പറഞ്ഞു. 

ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തിന് തിരികൊളുത്തുന്ന ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മമത ഉന്നയിച്ചത്. തൃണമൂൽ പ്രവർത്തകരോട് പ്രതികരിക്കാനും മമത ആവശ്യപ്പെട്ടു.

''അപമാനിക്കപ്പെടുകയാണ്. അതിനാല്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വൃത്തികെട്ട രീതിയിലുള്ള ആക്രമണങ്ങള്‍ നേരിടുമ്പോള്‍ കേട്ടിരിക്കരുത്, എങ്ങനെ പ്രതികരിക്കണം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം''- മമത പറഞ്ഞു.  

''ഡോക്ടറുടെ മരണത്തിൽ സാധാരണക്കാരുടെ വികാരം മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബംഗാളിനെ അപകീർത്തിപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്. ഇരയ്ക്കും അവളുടെ കുടുംബത്തിനും നീതി ലഭിക്കാതിരിക്കാൻ അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി''- മമത പറഞ്ഞു. എ.ഐ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)  ഉപയോഗിച്ച് ബി.ജെ.പി വലിയ തോതിലുള്ള സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണെന്നും ഇത് സാമൂഹിക അശാന്തിക്ക് കാരണമാവുകയാണെന്നും മമത ആരോപിച്ചു.

അതേസമയം മമത ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്ത് എത്തി. മമതയുടെ പ്രസ്താവനകള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്ത മജുംദാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. പ്രതികാര രാഷ്ട്രീയത്തെ മമത അംഗീകരിച്ചുവെന്നും ബംഗാളിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.  ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഇത്തരത്തിൽ ദേശവിരുദ്ധ അഭിപ്രായങ്ങൾ പ്രസ്താവിക്കുന്നത് ഉചിതമല്ലെന്നും മമത രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News