ആദ്യം കശ്മീർ ഫയൽസ്, ഇപ്പോൾ കേരള സ്‌റ്റോറി; വിദ്വേഷ സിനിമയ്ക്ക് വീണ്ടും മോദിയുടെ പിന്തുണ
താഴ്‌വരയിൽനിന്ന് പലായനം ചെയ്ത കശ്മീരി ഹിന്ദുക്കളുടെ കഥയാണ് കശ്മീർ ഫയൽസിന്റെ ഇതിവൃത്തം.
ബെല്ലാരി: വിദ്വേഷം പ്രചരിപ്പിക്കുന്നു എന്ന വിമർശനങ്ങൾക്കിടെ വിവാദ സിനിമ ദ കേരള സ്റ്റോറിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത പിന്തുണ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മോദി സുദീപ്‌തോ സെൻ സംവിധാനം ചെയ്ത സിനിമയ്ക്ക് പിന്തുണയുമായി എത്തിയത്. ഭീകരവാദത്തിന്റെ വികൃത മുഖവും പദ്ധതികളും തുറന്നു കാണിക്കുന്ന സിനിമയാണ് ദ കേരള സ്റ്റോറിയെന്ന് മോദി അവകാശപ്പെട്ടു.
ഈയിടെ ഇതു രണ്ടാം തവണയാണ് മോദി ഒരു സിനിമയെ കുറിച്ച് പൊതുവേദിയിൽ സംസാരിക്കുന്നത്. നേരത്തെ, കശ്മീരിനെ കുറിച്ചുള്ള വിവേക് അഗ്നിഹോത്രിയുടെ വിവാദ സിനിമ ദ കശ്മീർ ഫയൽസിനെ പിന്തുണച്ചാണ് മോദി രംഗത്തെത്തിയിരുന്നത്. രണ്ടു സിനിമയും തീവ്ര വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷം മാർച്ച് 11ന് റിലീസ് ചെയ്ത സിനിമയാണ് കശ്മീർ ഫയൽസ്. 1990കളിൽ കശ്മീർ താഴ്‌വരയിൽനിന്ന് പലായനം ചെയ്ത കശ്മീരി ഹിന്ദുക്കളുടെ കഥയാണ് കശ്മീർ ഫയൽസിന്റെ ഇതിവൃത്തം.
കശ്മീർ ഫയൽസിനെ കുറിച്ച് മോദി പറഞ്ഞത്
'കുറച്ചു ദിവസമായി ആളുകൾ ഇത് (കശ്മീർ ഫയൽസ്) ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിച്ചു കൊണ്ടിരിക്കുന്ന ആളുകൾ പെട്ടെന്ന് അസ്വസ്ഥരായി. ഒരു കലാസൃഷ്ടി എന്ന നിലയിലല്ല അവർ അതിനെ ചർച്ച ചെയ്തത്. പകരം എല്ലാ സംവിധാനവും ആവുന്നത്ര അപകീർത്തിപ്പെടുത്താനാണ് നോക്കിയത്. അണിയറ പ്രവർത്തകർക്ക് സത്യം ചിത്രീകരിക്കാനുള്ള കരുത്തുണ്ടായിരുന്നു. സത്യം പുറത്തു കൊണ്ടുവരണം എന്നാണ് അവർ ചിന്തിച്ചത്. എന്നാൽ ഇക്കൂട്ടർ ഈ സത്യത്തെ അംഗീകരിച്ചില്ല. സിനിമ ലോകം കാണരുത് എന്നാണ് അവർ ആഗ്രഹിച്ചത്. ഇത് നല്ല സിനിമയല്ല എന്നു തോന്നുവർക്ക് സ്വന്തമായ സിനിമയുണ്ടാക്കാം. അവരെ ആരാണ് അതിൽനിന്നു തടയുക? അടിച്ചമർത്തപ്പെട്ട സത്യം ഒടുവില്‍ പുറത്തുവന്നതാണ് ഈയാളുകളെ ഞെട്ടിച്ചത്. കശ്മീർ ഫയൽസ് മികച്ച സിനിമയാണ്. എല്ലാവരും അതു കാണണം. അത്തരത്തിലുള്ള കൂടുതൽ സിനിമകൾ ഉണ്ടാകേണ്ടതുണ്ട്.'
സിനിമയ്ക്ക് ആർഎസ്എസ് അടക്കമുള്ള സംഘ് പരിവാർ സംഘടനകൾ തുറന്ന പിന്തുണ നൽകിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതിയിളവും പ്രഖ്യാപിച്ചിരുന്നു.
കേരള സ്റ്റോറിയെ കുറിച്ച്
'ഭീകര ഗൂഢാലോചനയെ കുറിച്ചാണ് കേരള സ്‌റ്റോറി സിനിമ. തീവ്രവാദ പദ്ധതിയെ തുറന്നു കാണിക്കുന്നതിനൊപ്പം ഭീകരവാദത്തിന്റെ വികൃത മുഖം സിനിമ അനാവരണം ചെയ്യുന്നുമുണ്ട്. കോൺഗ്രസ് തീവ്രവാദത്തെ വോട്ടുബാങ്കാക്കി വച്ചിരിക്കുകയാണ്. ഇത്തരമൊരു പാർട്ടിക്ക് കർണാടകയെ രക്ഷിക്കാനാകുമോ? വ്യവസായം, കൃഷി തുടങ്ങിയ എല്ലാറ്റിനെയും ഭീകരത നശിപ്പിക്കും.'
അനുമതി നൽകി ഹൈക്കോടതി
അതിനിടെ, ദ കേരള സ്‌റ്റോറിയുടെ റിലീസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കേരള ഹൈക്കോടതി അംഗീകരിച്ചില്ല. യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കൽപ്പിക കഥയാണ് എന്ന് ഡിസ്‌ക്ലൈമറിൽ ഉണ്ടെന്ന് നിർമാതാക്കൾ അറിയിച്ചത് പരിഗണിച്ചാണ് കോടതി വിധി. വിമർശന വിധേയമായ ടീസർ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്ന് പിൻവലിക്കുമെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു. ജസ്റ്റിസ് എൻ നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് വിഷയം പരിഗണിച്ചത്.
ട്രയിലർ കണ്ട ശേഷം ഇസ്‌ലാമിനോ മുസ്‌ലിംകൾക്കോ എതിരായ ഒന്നും സിനിമയിലില്ലെന്ന് കോടതി പറഞ്ഞു. 'ഇസ്ലാമിനെതിരെ എന്താണ് ഉള്ളത്. മതത്തിനെതിരെ ഒരു ആരോപണവുമില്ല. ഐസ്‌ഐഎസിനെതിരെയാണ് ആരോപണം. ട്രയിലറിലൂടെ കടന്നു പോയപ്പോൾ എതെങ്കിലും പ്രത്യേക സമുദായത്തിനെതിരെ ഒന്നുമില്ല എന്നാണ് മനസ്സിലായത്. പരാതിക്കാർ ആരും സിനിമ കണ്ടിട്ടുമില്ല. ഹിന്ദു സന്യാസിമാരെ കൊള്ളക്കാരും പീഡകരും ആയി ചിത്രീകരിക്കുന്ന നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. ഒന്നും സംഭവിച്ചിട്ടില്ല. ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല. ഇത്തരത്തിൽ ഒരുപാട് ഹിന്ദി-മലയാളം സിനിമകളുണ്ട്' - ജസ്റ്റിസ് നഗരേഷ് പറഞ്ഞു.
എന്താണ് വിവാദം?
കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ദ കേരള സ്റ്റോറിയുടെ ഇതിവൃത്തം. തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിലേക്ക് ഇത്തരത്തിൽ 32,000 പെൺകുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ട് എന്നാണ് സിനിമയുടെ ട്രയിലർ അവകാശപ്പെട്ടിരുന്നത്. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.
വിപുൽ അമൃത് ലാൽ ആണ് ചിത്രത്തിന്റെ നിർമാണം. അദാ ശർമയാണ് നായിക. ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഇവർ അവതരിപ്പിക്കുന്നത്. യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.