മോദി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം
'ഭരണഘടനയുടെ പകർപ്പ് കൈകളിൽ, അതിൻ്റെ മൂല്യങ്ങൾ ഹൃദയത്തിൽ'
ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭാംഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ ഭരണഘടനയുടെ പകർപ്പുകൾ ഉയർത്തിപ്പിടിച്ച് പ്രതിപക്ഷം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ എംപിമാരുമാണ് പ്രതീകാത്മക പ്രതിഷേധമായി ഭരണഘടനയുടെ പകർപ്പുകൾ കാണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സമാനമായ രീതിയിലായിരുന്നു സ്വാഗതം ചെയ്തത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി, സമാജ്‌വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവ്, അവധേഷ് പ്രസാദ് എന്നിവരാണ് പ്രതിപക്ഷ ബെഞ്ചുകളിൽ ഒന്നാം നിരയിൽ ഇരുന്നത്.
'ഇൻഡ്യാ സഖ്യം ജീവൻ പണയപ്പെടുത്തിയും ഭരണഘടനയെ സംരക്ഷിക്കും'- എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് എക്സിൽ പങ്ക് വെച്ചു. 'ഭരണഘടനയുടെ പകർപ്പ് കൈകളിൽ, അതിൻ്റെ മൂല്യങ്ങൾ ഹൃദയത്തിൽ' എന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയും അവരുടെ പ്രതീകാത്മക പ്രതിഷേധത്തിൻ്റെ വീഡിയോ തന്റെ എക്സ് ഹാൻഡിലിൽ പങ്കിട്ടു.
INDIA गठबंधन जान की बाजी लगाकर संविधान की रक्षा करेगा. pic.twitter.com/bmBwsM6TOe
— Congress (@INCIndia) June 24, 2024
हाथों में संविधान की प्रति, दिलों में इसके मूल्य!
— Rahul Gandhi (@RahulGandhi) June 24, 2024
दुनिया की कोई शक्ति इसे मिटा नहीं सकती - INDIA जी जान से इसकी रक्षा करेगा। pic.twitter.com/pp1kPPOhRR
തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ നരേന്ദ്ര മോദി 18-ാം ലോക്‌സഭയിലെ അംഗമായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇത് മൂന്നാം തവണയാണ് മോദി ലോക്സഭാംഗമാകുന്നത്. 2014 മുതൽ ജയിച്ചുവരുന്ന വാരാണസി സീറ്റ് അദ്ദേഹം നിലനിർത്തി. മോദിയാണ് ആദ്യം എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിമാനകരമായ മുഹൂർത്തമായിരുന്നുവെന്ന് സത്യപ്രതിജ്ഞക്ക് മുമ്പ് പ്രധാനമന്ത്രി പറഞ്ഞു.