മുഖം മിനുക്കി മോദി 2.0; പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പുനസംഘടന കഴിയുന്നതോടെ മോദി മന്ത്രിസഭയില്‍ 78 അംഗങ്ങളാണുണ്ടാവുക.
43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ വൈകീട്ട് ആറുമണിയോടുകൂടി ആരംഭിച്ച ചടങ്ങില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് നാരയണ്‍ റാണെ ആയിരുന്നു. മലയാളിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് രാജീവ്.
പുനസംഘടന കഴിയുന്നതോടെ മോദി മന്ത്രിസഭയില്‍ 78 അംഗങ്ങളാണുണ്ടാവുക. 43 പുതിയ മന്ത്രിമാരില്‍ 36 പേര്‍ പുതുമുഖങ്ങളാണ്. 15 പേര്‍ക്കാണ് കാബിനറ്റ് പദവി. 11 വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുനസംഘടന. ഇതില്‍ രണ്ടുപേര്‍ക്കാണ് ക്യാബിനറ്റ് പദവി. ഒ.ബി.സി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിസഭയിലുണ്ട്.
അടിമുടി അഴിച്ചുപണികളും അപ്രതീക്ഷിത രാജികളുമായാണ് മന്ത്രിസഭ പുനസംഘടന നടന്നത്. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനുള്‍പ്പെടെ പ്രമുഖരാണ് രാജിവെച്ച് പുറത്തുപോയത്. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, രാസവസ്തു, രാസവളം വകുപ്പുമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി എന്നിവരാണ് രാജിവെച്ച മറ്റുള്ളവര്‍.
കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷ് വര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്‌റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.