ട്രംപിന് നേരെയുള്ള ആക്രമണം; ഇന്ത്യയിലെ വി.വി.ഐ.പികളുടെ സുരക്ഷ ശക്തമാക്കണം, മുന്നറിയിപ്പുമായി കേന്ദ്രം

വി.വി.ഐ.പികൾ പങ്കെടുക്കുന്ന റാലികൾ, യോഗങ്ങൾ, റോഡ് ഷോകൾ എന്നിവയിൽ സുരക്ഷാ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദേശം.

Update: 2024-07-25 14:09 GMT
Advertising

ഡൽഹി: രാജ്യത്തെ വി.വി.ഐ.പികൾക്കുള്ള സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകി. സുരക്ഷാഭീഷണിയുള്ള വി.വി.ഐ.പികൾ പങ്കെടുക്കുന്ന റാലികൾ, യോഗങ്ങൾ, റോഡ് ഷോകൾ എന്നിവയിൽ സുരക്ഷാ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അർധസൈനിക വിഭാഗങ്ങൾക്കും നിർദേശമുണ്ട്. യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണാൾഡ് ട്രംപിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.  

ഭൗതിക സാഹചര്യങ്ങളിലെ സുരക്ഷ, സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചുള്ള നിരീക്ഷണം, മോക്ക് ഡ്രിൽ അടക്കമുള്ള പരിശീലനങ്ങൾ എന്നിങ്ങനെ മൂന്ന് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുരക്ഷ വർധിപ്പിക്കാനാണ് ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ ഉത്തരവ്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന കൊലപാതക ശ്രമങ്ങളും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ജൂലൈ 14ന് ട്രംപിന് നേരെയുണ്ടായ വെടിവെപ്പ്, 2022ൽ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കു നേരെയുണ്ടായ ആക്രമണം, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ്, ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർഥി ഫെർണാണ്ടോ വില്ലാവിസെൻഷ്യോ, സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ തുടങ്ങിയവർക്കു നേരെയുണ്ടായ ആക്രമണങ്ങളാണ് മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News