'ഇന്നലെ അഭിനന്ദിച്ചില്ല, ഇന്ന് ആശ്വസിപ്പിക്കാന്‍ വന്നിരിക്കുന്നു'; വിനേഷ് ഫോഗട്ടിന്‍റെ മെഡല്‍ നഷ്ടത്തില്‍ മോദിക്കെതിരെ കോണ്‍ഗ്രസ്
മെഡല്‍ നഷ്ടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി
ഡല്‍ഹി: ഉറപ്പായിരുന്ന ഒരു മെഡലാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതോടെ രാജ്യത്തിന് നഷ്ടമായത്. പാരിസ് ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മെഡല്‍ നഷ്ടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
''വിനേഷ് ഫോഗട്ടിൻ്റെ പെട്ടെന്നുള്ള അയോഗ്യതയിൽ 140 കോടി ഇന്ത്യക്കാർ ഞെട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ കായിക ലോകത്തിന് ഇന്ന് കറുത്ത ദിനമാണ്. മോദി സർക്കാർ ഇന്ത്യൻ കായിക താരങ്ങളെയും കായിക രംഗത്തെയും പരാജയപ്പെടുത്തി. 2023ൽ 140 ദിവസം ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിച്ചത് ഇതേ വിനേഷ് ഫോഗട്ട് ആണെന്ന കാര്യം മറക്കരുത്. മോദി സര്‍ക്കാര്‍ നീതി നല്‍കാതിരുന്ന അതേ വിനേഷ് ഫോഗട്ട്. പാർലമെൻ്റിൻ്റെ ഉദ്ഘാടനം നടക്കുമ്പോൾ ഡൽഹി പൊലീസ് വലിച്ചിഴച്ചത് ഇതേ വിനേഷ് ഫോഗട്ടാണെന്ന് മറക്കരുത്'' കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.
'' അവര്‍ നിശ്ചയദാര്‍ഢ്യമുള്ളവളായിരുന്നു. അവളുടെ വീര്യവും കഴിവും ഒരിക്കലും കൈവിട്ടുപോയില്ല. ഒടുവിൽ ലോക ചാമ്പ്യനെ തോൽപ്പിച്ച് പാരീസ് ഒളിമ്പിക്‌സിൽ ത്രിവർണ്ണ പതാക ഉയർന്നുവെന്ന് ഉറപ്പാക്കുന്നതിലേക്ക് അവളെ നയിച്ചു. മൂന്ന് മത്സരങ്ങള്‍ വിജയിച്ച അവളുടെ ഭാരം പെട്ടെന്ന് എങ്ങനെയാണ് കൂടിയത്. ഇതൊരു ഗൂഢാലോചനയല്ലെങ്കിൽ,പിന്നെ എന്താണ്?. പ്രധാനമന്ത്രിയുടെ ആശ്വാസ ട്വീറ്റല്ല, അദ്ദേഹത്തിൽ നിന്ന് നീതിയാണ് വേണ്ടത്. എന്തുകൊണ്ടാണ് വിനേഷ് ഫോഗട്ടിന് നീതി ഉറപ്പാക്കാൻ അദ്ദേഹം ഐഒഎയോട് നിര്‍ദേശിക്കാത്തത്. ഇന്ത്യക്ക് സ്വർണമെഡൽ നിഷേധിച്ചതിന് പിന്നിൽ കുടിലമായ ഗൂഢാലോചനയുണ്ട്'' സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.
അതിനിടെ വിനേഷ് ഫോഗട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പോസ്റ്റിനെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രംഗത്തെത്തി. ''ഇന്നലെ അവർ സെമിയിൽ വിജയിച്ചപ്പോൾ പ്രധാനമന്ത്രി അഭിനന്ദിച്ചില്ല, എന്നാൽ ഇന്ന് അയോഗ്യയായപ്പോൾ അദ്ദേഹം അതിനെ കുറിച്ച് പ്രതികരിച്ചു.വിനേഷ് ഫോഗട്ട് കഠിനാധ്വാനിയായ ഒരു സ്ത്രീയാണ് കളിക്കളത്തിലും പുറത്തും... അവൾ ഇതും മറികടക്കും," ബാഗേല്‍ പറഞ്ഞു.
വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡൽ നഷ്ടമായതെന്ന് കോൺഗ്രസ് എം.പി ബൽവന്ത് വാങ്കഡെയും ആരോപിച്ചു. "ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമായ വാർത്തയാണ്. ഇതിന് പിന്നിൽ ചില ഗൂഢാലോചനയുണ്ട്. അവൾ ജന്തർ മന്തറിൽ സമരം നടത്തിയെന്ന് രാജ്യത്തിന് മുഴുവൻ അറിയാം. അവൾക്ക് നീതി ലഭിച്ചില്ല, ഇപ്പോൾ വിജയിച്ചാൽ അവർക്ക് അവളെ ബഹുമാനിക്കേണ്ടിവരുമായിരുന്നു. അതിഷ്ടപ്പെട്ടു കാണില്ല'' ബല്‍വന്ത് പറഞ്ഞു.