രാജ്യത്തിന്റെ എല്ലാഭാഗത്ത് നിന്നും എനിക്ക് മുസ്‌ലിം സ്ത്രീകളുടെ അനുഗ്രഹാശിസ്സുകൾ ലഭിക്കുന്നു: നരേന്ദ്രമോദി

മുത്തലാഖ് നിരോധനത്തിലൂടെ അവരെ സംരക്ഷിക്കാനുള്ള മഹത്തായ കാര്യമാണ് താൻ ചെയ്തതെന്നും മുത്തലാഖിനെ എതിർത്ത പ്രതിപക്ഷം അവർക്ക് വോട്ട് ചെയ്യുന്നവർക്ക് ക്ഷേമമുണ്ടാകുന്നത് പോലും ആഗ്രഹിക്കുന്നില്ലെന്നും മോദി

Update: 2022-02-18 06:30 GMT
Advertising

രാജ്യത്തിന്റെ എല്ലാഭാഗത്ത് നിന്നും തനിക്ക് മുസ്‌ലിം സഹോദരിമാരുടെയും പെൺകുട്ടികളുടെയും അനുഗ്രഹാശിസ്സുകൾ ലഭിക്കുന്നുണ്ടെന്നും മുത്തലാഖ് നിരോധനത്തിലൂടെ അവരെ സംരക്ഷിക്കാനുള്ള മഹത്തായ കാര്യമാണ് താൻ ചെയ്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖിനെ എതിർത്ത പ്രതിപക്ഷം അവർക്ക് വോട്ട് ചെയ്യുന്നവർക്ക് ക്ഷേമമുണ്ടാകുന്നത് പോലും ആഗ്രഹിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. പഞ്ചാബിലെ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

'എന്റെ അമ്മമാർ, സഹോദരിമാർ... പെടുന്നനെ വിവാഹമോചിതരായാൽ അവർ എവിടെ പോകും. അവരുടെയും മാതാപിതാക്കളുടെയും ദയനീയാവസ്ഥ ചിന്തിക്കുക' -മോദി പറഞ്ഞു. 'ഞാൻ എന്റെ അധികാരത്തെ കുറിച്ചോ വോട്ടിനെ കുറിച്ചോയാണോ ചിന്തിക്കുന്നത്. അല്ലെങ്കിൽ രാജ്യത്തെ ജനങ്ങളെ കുറിച്ചോ? എന്നാൽ പ്രതിപക്ഷം ഇതിനെയെതിർക്കുകയാണ്' നരേന്ദ്രമോദി കുറ്റപ്പെടുത്തി.

നിരവധി മുസ്‌ലിം വോട്ടുകളുള്ള ഉത്തർപ്രദേശടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടിങ് നടക്കവേയാണ് മുസ്‌ലിംകൾക്കായി താൻ ഇടപെട്ടെന്ന വാദമുയർത്തി മോദി രംഗത്തെത്തിയത്. യുപിയിൽ സമാജ്‌വാദി പാർട്ടി ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പാരമ്പര്യമായി വലിയൊരു ശതമാനം മുസ്‌ലിം വോട്ടുകൾ എസ്പിക്കാണ് ലഭിക്കാറുള്ളത്. ഞായറാഴ്ചയാണ് യുപിയിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി 17ന് നടന്ന സഹാറൻപൂർ റാലിയിലും മോദി മുത്തലാഖ് നിയമഭേദഗതി ഉയർത്തിക്കാട്ടി മുസ്‌ലിംകളോട് വോട്ടു തേടിയിരുന്നു.

'മുത്തലാഖിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് മുസ്‌ലിം സഹോദരിമാരെ നാം മോചിപ്പിച്ചു. അവർ പരസ്യമായി ബിജെപിയെ പിന്തുണയ്ക്കാൻ തുടങ്ങിയപ്പോൾ, വോട്ട് കച്ചവടക്കാർ അസ്വസ്ഥരായി. മുസ്‌ലിം പെൺമക്കളെ പുരോഗതിയിൽ നിന്ന് തടയാൻ അവർ ശ്രമിക്കുന്നു. ഞങ്ങളുടെ സർക്കാർ മുസ്‌ലിം സ്ത്രീകൾക്കൊപ്പമാണ്' പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. മുസ്‌ലിം സ്ത്രീകൾ തന്നെ പുകഴ്ത്തുന്നത് കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും വയറുവേദനയുണ്ടാക്കിയെന്നും മോദി പരിഹസിച്ചു. യൂപിയടക്കമുള്ള നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാർച്ച് പത്തിനാണ് പുറത്തുവരിക.

Prime Minister Narendra Modi has said that he is receiving the blessings of Muslim sisters and girls from all over the country and that he has done a great job in protecting them by banning mutalaq.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News