കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുമ്പോൾ മോദി മൗനം പാലിക്കുന്നു: കോൺഗ്രസ്

‘ക്രൂരമായ ഭീകരാക്രമണങ്ങളെ അപലപിക്കാൻ മോദിക്ക് സമയമില്ല’

Update: 2024-06-12 08:32 GMT
Advertising

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സമാധാനവും സാധാരണ നിലയും തിരിച്ചുവന്നുവെന്ന ബി.ജെ.പിയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന തീവ്രവാദ ആക്രമണങ്ങളെന്ന് കോൺഗ്രസ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ കോൺഗ്രസ് നേതാവ് പവൻ ഖേരെ ചോദ്യം ചെയ്തു. പാകിസ്താൻ നേതാക്കൾക്ക് മറുപടി പറയാൻ അദ്ദേഹത്തിന് സമയമുണ്ട്. എന്നാൽ, ക്രൂരമായ ഭീകരാക്രമണങ്ങളെ അപലപിക്കാൻ മോദിക്ക് സമയമില്ലെന്നും പവൻ ഖേര പറഞ്ഞു. റഈസിയിലും പൂഞ്ചിലും രജൗരിയിലുമുണ്ടായ ഭീകാരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പവൻ ഖേരയുടെ പ്രസ്താവന വരുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിന്റെ സുരക്ഷ മോദി സർക്കാർ അപകടത്തിലാക്കി. ഭീകരാക്രമണങ്ങളുടെ ദുരിതം സാധാരണക്കാരാണ് പേറുന്നത്. നരേന്ദ്ര മോദിയും എൻ.ഡി.എ സർക്കാറും അധികാരത്തിലേറുമ്പോഴും വിദേശ നേതാക്കൾ രാജ്യം സന്ദർശിക്കുമ്പോഴും ജമ്മു കശ്മീരിലെ റഈസിയിൽ ഇന്ത്യ ഭീകരാക്രമണത്തിന് ഇരയാവുകയാണ്.

ഒമ്പത് വിലപ്പെട്ട ജീവനുകളാണ് ഇവിടെ നഷ്ടമായത്. കൂടാതെ 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശിവ ഖോരി ക്ഷേത്രത്തിൽനിന്ന് കത്രയിലേക്ക് വരുന്ന തീർഥാടകർക്ക് നേരെയാണ് തീവ്രവാദികൾ നിറയൊഴിച്ചത്. നിഷ്കളങ്കരായ കുട്ടികൾ വരെ ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടില്ല. സ്വയം പ്രഖ്യാപിത ദൈവമായ പ്രധാനമന്ത്രിയിൽനിന്ന് ഇരകൾ സഹതാപത്തിന്റെ ഒരു വാക്കുപോലും അർഹിക്കുന്നില്ലേയെന്നും പവൻ ഖേര ചോദിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജമ്മു കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങളാണ് നടന്നത്. എന്നാൽ, പാകിസ്താൻ നേതാവ് നവാസ് ശരീഫിന്റെയും പ്രധാനമന്ത്രി ഷഹബാദ് ശരീഫിന്റെയും അഭിനന്ദ ട്വീറ്റുകൾക്ക് മറുപടി നൽകുന്ന തിരക്കിലാണ് മോദി. എന്തുകൊണ്ടാണ് അദ്ദേഹം ഭീകരാക്രമണത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത്. മോദി സർക്കാറിന് കീഴിൽ സുരക്ഷാ സ്ഥാനപങ്ങൾക്ക് നേരെ ചുരുങ്ങിയത് വലിയ 19 ഭീകരാക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News