അഞ്ചു വർഷം കൊണ്ട് യോഗി സർക്കാർ നൽകിയത് അഞ്ചു ലക്ഷം സർക്കാർ ജോലികള്‍: പ്രധാനമന്ത്രി
മുന്‍സര്‍ക്കാറുകള്‍ക്ക് പത്ത് വര്‍ഷം കൊണ്ട് ആകെ രണ്ടുലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാനായതെന്ന് മോദി
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെറും പൊള്ളയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ ജോലികളുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും ബി.എസ്.പി യും നൽകിയിട്ടുള്ള വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ യോഗി സർക്കാർ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം സര്‍ക്കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് നൽകിയതെന്നും മോദി പറഞ്ഞു.
"തെരഞ്ഞെടുപ്പടുത്തപ്പോൾ പ്രതിപക്ഷം സർക്കാർ ജോലികളുടെ കാര്യത്തിൽ പുതിയവാഗ്ദാനങ്ങളുമായി എത്തിയിട്ടുണ്ട്. എന്നാൽ ഇവർ ഇവരുടെ മുൻ വാഗ്ദാനങ്ങളൊക്കെ പാലിച്ചിട്ടിട്ടുണ്ടോ? ബി.എസ്.പി യും സമാജ്‍വാദി പാർട്ടിയും ഭരിച്ച കാലത്ത് പത്തുവർഷം കൊണ്ട് ആകെ രണ്ട് ലക്ഷം സർക്കാർ ജോലികളാണ് യുവാക്കൾക്ക് നൽകിയത്. എന്നാൽ യോഗി സർക്കാർ വെറും അഞ്ചുവർഷം കൊണ്ട് അഞ്ചുലക്ഷം സർക്കാർ ജോലികളാണ് യുവാക്കൾക്ക് നൽകിയത്"- മോദി പറഞ്ഞു. ഉത്തർപ്രദേശിലെ പ്രഗ്യാരാജിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ സാധാരണക്കാർക്ക് കോവിഡ് വാക്‌സിൻ സൗജന്യമായാണ് നൽകുന്നതെന്നും എന്നാൽ കോൺഗ്രസും സമാജ്‍വാദി പാർട്ടിയുമായിരുന്നെങ്കിൽ വാക്സിൻ വിൽപ്പന നടത്തുമായിരുന്നെന്നും മോദി കുറ്റപ്പെടുത്തി.