സ്‌കോട്‌ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ച് മോദി; വീഡിയോ വൈറല്‍

സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവിൽ നടന്ന ഐക്യരാഷ്​ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന മോദിയെ യാത്രയാക്കാന്‍ നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്

Update: 2021-11-03 08:58 GMT
Editor : Nisri MK | By : Web Desk
Advertising

സ്‌കോട്‌ലന്‍ഡില്‍ തന്നെ യാത്രയാക്കാന്‍ എത്തിയവര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവിൽ നടന്ന ഐക്യരാഷ്​ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന മോദിയെ യാത്രയാക്കാന്‍ നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്.

വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നത്.

അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. 2070 ഓടെ കാർബണ്‍ പുറന്തള്ളൽ നെറ്റ് സീറോയിൽ എത്തിക്കുമെന്നും ഉച്ചകോടിയില്‍ മോദി ഉറപ്പ് നൽകി. 2030 ഓടുകൂടി ഇന്ത്യയിലെ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊർജമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി മോദി ചർച്ച നടത്തി.

കാലാവസ്​ഥാ വ്യതിയാനം തടയാനുള്ള പരിശ്രമങ്ങൾ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ്​ ലോകരാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്​. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്​ട്ര നേതാക്കളാണ്​ പ​ങ്കെടുക്കുന്നത്​. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന കാലാവസ്​ഥാ വ്യതിയാന സമ്മേളനം കോവിഡിനെ തുടർന്ന്​ ഈ വർഷത്തേക്ക്​ മാറ്റിവെക്കുകയായിരുന്നു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News