തെരഞ്ഞെടുപ്പ്; യു.പിയില്‍ നിന്നുള്ള എം.പിമാരുമായി മോദിയുടെ ബ്രേക്ക്ഫാസ്റ്റ് ചര്‍ച്ച
തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന നാൽപ്പതോളം എം.പിമാരാണ് മോദിയുമായി ബ്രേക്ക്ഫാസ്റ്റ് ചർച്ചക്ക് എത്തുന്നത്.
ആസന്നമായ യു.പി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനം പിടിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്ത് ബി.ജെ.പി. യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡങ്ങൾ ഉൾപ്പെടന്ന എം.പിമാരുമായി പ്രധാനമന്ത്രി പ്രാതൽ ചർച്ച നടത്തും. ഉച്ചക്ക് ശേഷം ലഖ്‌നൗവിൽ സംഘടിപ്പിക്കുന്ന ബി.ജെ.പി റാലിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന നാൽപ്പതോളം എം.പിമാരാണ് മോദിയുമായി ബ്രേക്ക്ഫാസ്റ്റ് ചർച്ചക്ക് എത്തുന്നത്. ശൈത്യകാല സമ്മേളനം നടക്കുന്നതിനിടയിൽ പ്രധാനമന്ത്രി ഇത്തരത്തിൽ നടത്തുന്ന നാലാമത്തെ കൂട്ടിക്കാഴ്ച്ചയാണിത്. വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെയും ദക്ഷിണേന്ത്യയിലെയും മധ്യപ്രദേശിലെയും എം.പിമാരുമായി നേരത്തെ മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
വാരാണസിയിലെ കാശി വിശ്വനാഥ ഇടനാഴി ഉദ്ഘാടനത്തിന് ദിവസങ്ങൾക്കു ശേഷമാണ് മോദി യു.പി എം.പിമാരുമായി ചർച്ചക്കിരിക്കുന്നത്. വാരാണസി സന്ദർശനത്തിനിടെ 12 മുഖ്യമന്ത്രിമാരുമായും മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ പ്രാതൽ ചർച്ച തികച്ചും അനൗദ്യോഗികമാണെന്നാണ് കൂടിക്കാഴ്ച്ചക്ക് ഇരുന്ന എം.പിമാർ പറഞ്ഞത്.
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമെ ജനങ്ങളുമായി കൂടുതൽ ഇടപഴകാൻ പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടതായി എം.പിമാർ പറഞ്ഞു. വി.ഐ.പി സംസ്‌കാരം മാറ്റി നിർത്തി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി എം.പിമാർ പറഞ്ഞു.