ഡൽഹി പാർലിമെന്റ് സ്ട്രീറ്റ് മസ്ജിദ് ഇമാം മുഹിബ്ബുല്ല നദ്‌വി രാംപൂരിൽ എസ്.പി സ്ഥാനാർഥി

സിറ്റിങ് എം.പി ഘൻശ്യാം ലോധിയാണ് രാംപൂരിലെ ബി.ജെ.പി സ്ഥാനാർഥി

Update: 2024-03-27 12:07 GMT
Advertising

ന്യൂഡൽഹി: രാംപൂർ ലോക്‌സഭാ മണ്ഡലത്തിൽ എസ്.പി സ്ഥാനാർഥിയായി ഡൽഹി പാർലിമെന്റ് സ്ട്രീറ്റ് ജുമാ മസ്ജിദ് ഇമാം മൗലാനാ മുഹിബ്ബുല്ല നദ്‌വി മത്സരിക്കും. ഇൻഡ്യ മുന്നണിയിൽ സമാജ്‌വാദി പാർട്ടി മത്സരിക്കുന്ന സീറ്റാണ് രാംപൂർ. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് മുഹിബ്ബുല്ലയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചതായി പാർട്ടി വൃത്തങ്ങൾ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.

രാംപൂർ സീറ്റിൽ എസ്.ടി ഹസൻ ഉൾപ്പടെ നിരവധി നേതാക്കളുടെ പേരുകൾ ഉയർന്നുകേട്ടിരുന്നു. എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചാണ് ഒടുവിൽ മുഹിബ്ബുല്ലക്ക് നറുക്ക് വീണിരിക്കുന്നത്. ഇന്നലെ അർധരാത്രിയോടെ ഡൽഹിയിൽനിന്ന് ലഖ്‌നോവിലെത്തിയ മുഹിബ്ബുല്ല ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.

സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായാണ് താൻ നാമനിർദേശ പത്രിക സമർപ്പിച്ചതെന്ന് മുഹിബ്ബുല്ല മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മാനവികതയുടെ സന്ദേശവുമായാണ് തന്നെ ഇങ്ങോട്ട് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്.പി സ്ഥാനാർഥി അസം ഖാൻ ആയിരുന്നു രാംപൂരിൽനിന്ന് വിജയിച്ചത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ അദ്ദേഹം എം.പി സ്ഥാനം രാജിവെച്ചു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഘൻശ്യാം ലോധിയാണ് വിജയിച്ചത്. ഇത്തവണയും ഘൻശ്യാം ലോധി തന്നെയാണ് രാംപൂരിലെ ബി.ജെ.പി സ്ഥാനാർഥി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News