സിദ്ദു മൂസെവാലയുടെ കൊലപാതകം; വെടിയുതിർത്ത രണ്ട് പേർ അറസ്റ്റിൽ
ഇവരുടെ പക്കൽ നിന്നും ധാരാളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു
ഡൽഹി: വെടിയേറ്റു മരിച്ച പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ വെടിവെച്ച രണ്ട് പ്രധാന പ്രതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും ധാരാളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
Sidhu Moose Wala murder case | Two main shooters including a module head of shooters arrested, a large number of arms & explosives recovered: Delhi Police Special Cell
— ANI (@ANI) June 20, 2022
മേയ് 29നായിരുന്നു സിദ്ദു മൂസെവാല ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. മൂസെവാലയും രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ ജവഹർകെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴാണ് സംഘം വെടിയുതിർത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാനഡയിൽ പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിന് സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൻറെ ഉത്തരവാദിത്വം, ഗോൾഡി ബ്രാർ എന്ന് അറിയപ്പെടുന്ന സതീന്ദർജിത് സിങ് എന്ന ഗുണ്ടാനേതാവ് ഏറ്റെടുത്തിരുന്നു. 2017ൽ സ്റ്റുഡൻറ് വിസയിൽ കാനഡയിലെത്തിയ ഇയാൾ ഇപ്പോഴും ആ രാജ്യത്ത് തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഫരീദ്‌കോട്ടിൽ രജിസ്റ്റർ ചെയ്ത രണ്ട് പഴയ കേസുകളിൽ ഗോൾഡി ബ്രാറിനെതിരെ ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.