ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി തമിഴ്നാട്; തിയറ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും
ഇളവുകൾ സഹിതം തമിഴ്നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ ആറുവരെ നീട്ടി
തമിഴ്നാട്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തിയറ്ററുകളിൽ അമ്പത് ശതമാനം പേരെ നാളെ മുതൽ പ്രവേശിപ്പിക്കാം. ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മൃഗശാലകളിലും ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കും. വാക്സിനെടുത്തവർക്ക് മാത്രമാവും പ്രവേശനമനുവദിക്കുക.
ഈ ഇളവുകൾ സഹിതം തമിഴ്നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ ആറുവരെ നീട്ടി. സെപ്റ്റംബർ ഒന്നു മുതൽ സ്കൂളുകളും കോളജുകളും തുറക്കാൻ തമിഴ്നാട് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകൾ തുടങ്ങുന്നതിനെ സംബന്ധിച്ച് സെപ്റ്റംബർ 15ന് ശേഷം തീരുമാനിക്കും.
ഇതുസംബന്ധിച്ച മാർഗനിർദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഈ മാസം ആറിനാണ് 23 വരെ ലോക്ഡൗൺ നീട്ടി തമിഴ്‌നാട് സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചത്. ഈ കാലയളവ് കഴിയാനിരിക്കെയാണ് കൂടുതൽ ഇളവുകൾ നൽകി ലോക്ഡൗൺ നീട്ടാൺ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. തിയേറ്ററുകളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനാനുമതി അനുവദിച്ചുകൊണ്ടും തീരുമാനമായി. തിയേറ്ററിലെ എല്ലാ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും ഉത്തരവുണ്ട്. ബാറുകൾ തുറക്കാനും ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.