ഭൂമി കയ്യേറ്റം ആരോപിച്ച് ഗുജറാത്തിൽ മുസ്‍ലിം പള്ളികളും വീടുകളും തകർത്തു; പ്രതിഷേധവുമായി കോൺ​ഗ്രസും ന്യൂനപക്ഷ കമ്മിറ്റിയും

സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ ലംഘനമാണ് സർക്കാർ നടപടിയെന്നും ആരോപണം

Update: 2024-09-29 09:55 GMT
Advertising

ഗാന്ധിന​ഗർ: ഭൂമി കയ്യേറ്റം ആരോപിച്ച് ഗുജറാത്തിൽ മുസ്‍ലിം പള്ളികളും ആരാധനാലയങ്ങളും വീടുകളും തകർത്തു. ഗിർ സോമനാഥ് ജില്ലയിലെ സോമനാഥ് ക്ഷേത്രത്തിന് സമീപമുള്ള പ്രഭാസ് പടാൻ പ്രദേശത്തെ ഒമ്പത് മുസ്‍ലിം പള്ളികളും ആരാധനാലയങ്ങളും 45 വീടുകളുമാണ് അധികൃതർ പൊളിച്ചു കളഞ്ഞത്. സോമനാഥ ക്ഷേത്രം കൈകാര്യം ചെയ്യുന്ന സോമനാഥ് ട്രസ്റ്റിൻ്റെ പേരിലുള്ള ഭൂമി കൈയ്യേറി നിർമിച്ച കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയതെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. എന്നാൽ നടപടി നിയമാനുസൃതമല്ലെന്നും അം​ഗീകരിക്കാനാവില്ലെന്നും ആരോപിച്ച് കോൺ​ഗ്രസും ന്യൂനപക്ഷ ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റി രം​ഗത്തുവന്നു.

പ്രദേശത്ത് അനധികൃതമായി നിർമിച്ച 40 മുറികളുള്ള ലോഡ്ജും പൊളിച്ചുമാറ്റിയിട്ടുണ്ട്. 15 ഹെക്ടർ ഭൂമിയിലെ 60 കോടി രൂപയോളം വിലമതിക്കുന്ന കൈയേറ്റമാണ് ആറ് മണിക്കൂറിലധികം നീണ്ട പൊളിച്ചുമാറ്റലിൽ നീക്കം ചെയ്തതെന്ന് ജില്ലാ കലക്ടർ ഡി.ഡി ജഡേജ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സംഭവ സ്ഥലത്ത് മുൻകരുതൽ നടപടിയുടെ ഭാ​ഗമായി നൂറുകണക്കിന് പെലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് മനോഹർസിൻഹ് ജഡേജ പറഞ്ഞു. കൈയേറ്റങ്ങൾ പൊളിക്കുന്നതിനിടെ നേരിയ രീതിയിലുള്ള സംഘർഷം രൂപപ്പെട്ടിതിനു പിന്നാലെയാണ് സംഭവ സ്ഥലത്ത് കൂടുതൽ ഉദ്യാ​ഗസ്ഥരെ വിന്യസിക്കാൻ പൊലീസ് തീരുമാനിച്ചത്. ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചതിന് 150 ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൊളിച്ചു നീക്കൽ നിയമ നടപടികൾ പാലിച്ചുകൊണ്ടാണ് നടന്നതെന്നാണ് കലക്ടർ പറയുന്നത്. അദ്ദേഹത്തിന്റെ വാദം ഇങ്ങനെ.....1950ന്റെ തുടക്കത്തിലാണ് സോമനാഥ് ട്രസ്റ്റിന് പാട്ട കരാർ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി അനുവദിച്ചത്. 99 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ ട്രസ്റ്റിന്റെ പേരിലുള്ള ഭൂമി കാലക്രമേണ മറ്റുള്ളവർ കയ്യേറുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹരജി 1986ൽ ഗുജറാത്ത് ഹൈക്കോടതിയിൽ എത്തിയിരുന്നുവെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. സമാന വിഷയമുന്നയിച്ച് 2020 ൽ മറ്റൊരു കേസും ഹൈക്കോടതിയിലെത്തി. കെട്ടിടങ്ങൾ നിലനിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, പ്രസ്തുത നിർമാണങ്ങൾ പൊളിച്ചുമാറ്റുമെന്ന് കാണിച്ച് 20 ദിവസം മുമ്പുതന്നെ താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതിഷേധിച്ചും മുസ്‍ലിം സമുദായത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും ഗുജറാത്തിലെ ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കത്തെഴുതി. ഹാജി മംഗ്രോൾ, ഷാ സിലാർ, ഗരീബ് ഷാ, ജാഫർ മുസാഫർ തുടങ്ങിയ പള്ളികളുൾപ്പെടെ പ്രഭാസ് പടാനിലെ നിരവധി പുരാതന ആരാധനനാലയങ്ങൾ ബുൾഡോസർ ചെയ്തതായി സമിതി ആരോപിച്ചു. ഹാജി മംഗ്രോൾ ഷാ ദർഗ അടക്കമുള്ള ​ദർ​ഗകളുടെ നിർമാണം അനധികൃതമല്ലെന്നും 1924 മുതലുള്ള ജുനഗഡ് സംസ്ഥാനത്തിൻ്റെ റവന്യൂ രേഖകളിൽ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രിക്കയച്ച കത്തിൽ അവകാശപ്പെട്ടു.

ഹൈക്കോടതിയിലും വഖഫ് ട്രിബ്യൂണലിലും ഇതുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുമ്പോൾ പൊളിക്കൽ നടത്തിയത് അന്യായമായ നടപടിയാണെന്നും സമിതി പറഞ്ഞു. ഒക്ടോബർ 1 വരെ അനുമതിയില്ലാതെയുള്ള ബുൾഡോസിങ്ങ് സ്റ്റേ ചെയ്യണമെന്ന സുപ്രിംകോടതിയുടെ സെപ്റ്റംബർ 17ലെ ഇടക്കാല ഉത്തരവും ന്യൂനപക്ഷ സമിതി ചൂണ്ടിക്കാട്ടി.

അതേസമയം സോമനാഥ് ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത് നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് ഗുജറാത്ത് ഘടകം വൈസ് പ്രസിഡൻ്റ് നുസ്രത്ത് പഞ്ച അവകാശപ്പെട്ടു. 700 മുതൽ 800 വർഷം വരെ ചരിത്രമുള്ള ഈ നിർമിതികൾ വഖഫ് ബോർഡ് സ്വത്തുക്കളായി സംരക്ഷിക്കപ്പെട്ടുവരികയായിരുന്നെന്നും പഞ്ച പറഞ്ഞു. ജില്ലാ കലക്ടറും ഭരണകൂടവും കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം നടപടിക്ക് നേതൃത്വം നൽകിയതെന്നും അവർ ആരോപിച്ചു. വിവാദത്തിലായ ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഒക്ടോബർ 8ന് വാദം കേൾക്കാൻ നിശ്ചയിച്ചിരുന്നതായും അതിനു മുമ്പുള്ള കലക്ടറുടെ നടപടി അം​ഗീകരിക്കാനാവില്ലെന്നും പഞ്ച പറഞ്ഞു.

SUMMARY: Gujarat: Mosques, shrines, homes bulldozed in demolition drive near Somnath temple

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News