15 ദിവസം പ്രായമായ കുഞ്ഞിനെ അഞ്ചു ലക്ഷത്തിനു വിറ്റ് യുവതിയും പങ്കാളിയും; ബൈക്കും ടി.വിയും ഫ്രിഡ്ജും വാങ്ങിക്കൂട്ടി ഷോപ്പിങ് ആഘോഷം
യുവതിയും പങ്കാളിയും ചേർന്ന് ഷോപ്പിങ് നടത്തുന്നത് ശ്രദ്ധയിൽപെട്ട സാമൂഹിക പ്രവർത്തകനാണ് പൊലീസിൽ പരാതി നൽകിയത്
ഭോപ്പാൽ: നവജാതശിശുവിനെ വിറ്റ് പണം കൊണ്ട് ഷോപ്പിങ് നടത്തി അമ്മ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രസവം കഴിഞ്ഞ് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് അമ്മ ഷൈനാ ബീയും പങ്കാളി അന്തർ സിങ്ങും ചേർന്ന് 5.5 ലക്ഷം രൂപയ്ക്ക് വിറ്റത്. കുഞ്ഞുമായി ജീവിക്കാനാകില്ലെന്നും കുട്ടിയെ ആർക്കെങ്കിലും വിറ്റുകളയണമെന്നും പങ്കാളി നിർബന്ധിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിനെ വിറ്റുകിട്ടിയ പണം കൊണ്ട് ഷോപ്പിങ് നടത്തുകയായിരുന്നുവെന്നാണ് വിവരം. യുവതിയും പങ്കാളിയും ചേർന്ന് ബൈക്കും വീട്ടുപകരണങ്ങളും വാങ്ങുന്നത് ശ്രദ്ധയിൽപെട്ട സാമൂഹിക പ്രവർത്തകനാണ് പൊലീസിൽ പരാതി നൽകിയത്.
ദിവസങ്ങൾക്കു മുൻപ് മാത്രം പ്രസവം നടന്ന കുഞ്ഞ് ഷോപ്പിങ് നടത്തുമ്പോൾ ഇവരുടെ കൂടെയുണ്ടായിരുന്നില്ല. ഇതോടൊപ്പം ബൈക്കും എൽ.ഇ.ഡി ടി.വിയും വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കമുള്ള വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും വാങ്ങുന്നത് ശ്രദ്ധയിൽപെട്ടതോടെ സംശയം തോന്നി. ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മറ്റൊരാൾക്ക് വിറ്റത് വ്യക്തമായതെന്ന് ഇൻഡോറിലെ ഹീര നഗർ പൊലീസ് എസ്.ഐ സതീഷ് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ഷൈനയുടെ പങ്കാളി അന്തർ സിങ്ങിനെയും കുട്ടിയെ വിൽക്കാൻ ഇടനിലയ്ക്കാരായി പ്രവർത്തിച്ച പൂജ വർമ, നീലം വർമ, നേഹ സൂര്യവംശി എന്നിങ്ങനെ മൂന്നു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ മാൽവയിലെ ദേവാസ് സ്വദേശിയായ ലീനാ സിങ് എന്ന യുവതിയാണ് കുഞ്ഞിനെ അഞ്ചു ലക്ഷം രൂപ നൽകി വാങ്ങിയത്. യുവതിയും പൊലീസ് പിടിയിലായിട്ടുണ്ട്. തന്റെ രണ്ടു മക്കൾ പ്രസവത്തിനു തൊട്ടുപിന്നാലെ മരിച്ചിരുന്നെന്നും ഇതിനാൽ കുഞ്ഞിനെ ദത്തെടുക്കാൻ ആലോചിക്കുകയായിരുന്നുവെന്നുമാണ് ലീനാ സിങ് പൊലീസിനോട് പറഞ്ഞത്. ദത്തെടുക്കാനുള്ള നടപടിക്രമങ്ങൾ സങ്കീർണമായതിനാലാണ് കുഞ്ഞിനെ നേരിട്ട് വാങ്ങാൻ തീരുമാനിച്ചതെന്നും യുവതി വെളിപ്പെടുത്തി.
Summary: A 23-year-old woman has been arrested in Madhya Pradesh's Indore for selling her newborn for ₹5.5 lakh