വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഭാര്യയെ മര്‍ദിച്ച് ചെവിക്കല്ല് പൊട്ടിച്ചു; മോട്ടിവേഷനൽ പ്രഭാഷകൻ വിവേക് ബിന്ദ്രയ്‌ക്കെതിരെ കേസ്

യൂട്യൂബിൽ 2.14 കോടി ഫോളോവർമാരുള്ള വിവേകും യാനികയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഡിസംബർ ആറിനാണു നടന്നത്

Update: 2023-12-23 11:08 GMT
Editor : Shaheer | By : Web Desk

വിവേക് ബിന്ദ്ര, മര്‍ദനത്തില്‍ പരിക്കേറ്റ ഭാര്യ യാനിക ആശുപത്രിയില്‍

Advertising

ന്യൂഡൽഹി: പ്രശസ്ത മോട്ടിവേഷനൽ പ്രഭാഷകനും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ വിവേക് ബിന്ദ്രയ്‌ക്കെതിരെ ഗാർഹിക പീഡനത്തിനു കേസ്. ഭാര്യ യാനികയെ ക്രൂരമായി മർദിക്കുകയും ചെവിക്കല്ല് അടിച്ചുതകർക്കുകയും ചെയ്തതായാണു പരാതി. ഭാര്യാസഹോദരൻ വൈഭവ് ക്വാത്രയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡിസംബർ ആറിനാണ് വിവേക് ബിന്ദ്രയും യാനികയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴാണു ഭാര്യയെ ക്രൂരമായി മർദിച്ചതിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. നോയ്ഡ സെക്ടർ 94ലെ സൂപ്പർനോവ വെസ്റ്റ് റെസിഡൻസിയിലാണ് വിവേക് കുടുംബസമേതം കഴിയുന്നത്. ദിവസങ്ങൾക്കുമുൻപ് വിവേകിനും അമ്മ പ്രഭയ്ക്കും ഇടയിലുണ്ടായ തർക്കമാണു സംഭവങ്ങൾക്കു തുടക്കം. തർക്കം മൂർച്ഛിച്ചതോടെ ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചതായിരുന്നു യാനിക.

എന്നാൽ, ഭാര്യയെ ക്രൂരമായി മർദിക്കുകയാണ് വിവേക് ചെയ്തതെന്ന് പരാതിയിൽ പറയുന്നു. മർദനത്തിൽ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. മുറിയിലടച്ചും മർദനം തുടരുകയും അധിക്ഷേപം ചൊരിയുകയും ചെയ്തു. മർദനത്തിൽ ചെവിക്കല്ല് പൊട്ടിയതായാണു പരാതിയിൽ പറയുന്നത്. യാനികയുടെ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തതായി പരാതിയുണ്ട്. മുറിവുകൾ കാണിച്ച് ഇവർ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ ഡൽഹിയിലെ കൈലാഷ് ദീപക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യാനിക.

അപാർട്ട്‌മെന്റിനു പുറത്ത് ഭാര്യയുമായി വിവേക് തർക്കത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാനികയുടെ സഹോദരന്റെ പരാതിയിൽ നോയ്ഡ പൊലീസാണ് വിവേകിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 325, 504 വകുപ്പുകൾ ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി.ഇ.ഒയാണ് വിവേക് ബിന്ദ്ര. ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 2.14 കോടി ഫോളോവർമാരുണ്ട്. ഫേസ്ബുക്കിൽ ഒരു കോടിയും ഇൻസ്റ്റഗ്രാമിൽ 30 ലക്ഷവുമാണ് ഫോളോവർമാരുടെ എണ്ണം. ഇതിനുമുൻപ് വിവേകിനെതിരെ തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു. മറ്റൊരു മോട്ടിവേഷനൽ പ്രഭാഷകനായ സന്ദീപ് മഹേശ്വരിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

Summary: Motivational Speaker Vivek Bindra booked for domestic violence

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News