യു.ജി.സി നെറ്റ് പരീക്ഷ: വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കണം: എം.എസ്.എഫ്

'പരീക്ഷ എഴുതാന്‍ അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുത്തി ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ്'

Update: 2024-07-12 12:23 GMT
Advertising

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്ന കാരണത്താല്‍ റദ്ദാക്കിയ യു.ജി.സി നെറ്റ് പരീക്ഷയില്‍ പുതുക്കി നിശ്ചയിച്ച തീയതികളിലെ യുക്തിരഹിത മാറ്റങ്ങള്‍ കാരണം വിദ്യാര്‍ഥികള്‍ നേരിടുന്ന ആശങ്ക പരിഹരിക്കണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു ആവശ്യപ്പെട്ടു. യു.ജി.സി നെറ്റ് പെട്ടെന്ന് റദ്ദാക്കിയതും സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചതും രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികള്‍ക്ക് കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്താണ് നേരത്തെ പരീക്ഷാ തീയതികള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. അതനുസരിച്ചു പലരും അവരുടെ സൗകര്യപ്രദമായ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. കൂടാതെ, ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ അവരുടെ ഇന്റേണ്‍ഷിപ്പ് സ്ഥലങ്ങളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തിരുന്നത്.

അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ക്ലാസുകള്‍ തുടങ്ങിയതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ അതത് സ്ഥാപനങ്ങളിലേക്ക് മടങ്ങുകയും പഴയ സെന്റര്‍ അനുസരിച്ച് പരീക്ഷ എഴുതണമെങ്കില്‍ അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുത്തി ആയിരക്കണക്കിന് കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇതിന് പരിഹാരമായി നിലവിലുള്ള സാഹചര്യത്തില്‍ അവര്‍ക്ക് അനുയോജ്യമായ സെന്ററുകള്‍ തെരഞ്ഞടുക്കാന്‍ എന്‍.ടി.എ സാഹചര്യമൊരുക്കണമെന്നും പി.വി. അഹമ്മദ് സാജു ആവശ്യപ്പെട്ടു.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍ എന്നിവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, യു.ജി.സി ചെയര്‍മാന്‍, എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് കത്തയച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News