ആനന്ദിന്റെ വിവാഹത്തിന് മുന്നേ പാവപ്പെട്ടവർക്കായി സമൂഹവിവാഹമൊരുക്കാൻ അംബാനി: ക്ഷണക്കത്ത് പുറത്ത്
ജൂലൈ 12നാണ് വ്യവസായി വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റുമായുള്ള ആനന്ദ് അംബാനിയുടെ വിവാഹം
മുംബൈ: ഇളയ പുത്രന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് സമൂഹ വിവാഹം സംഘടിപ്പിക്കാനൊരുങ്ങി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും.
ജൂലൈ 2ന് പാൽഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറിലാണ് സമൂഹവിവാഹം സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തുവിട്ടു. പ്രീ വെഡ്ഡിങ് പരിപാടികളുടെ ഭാഗമായാണ് സമൂഹ വിവാഹച്ചടങ്ങ്.
ജൂലായ് 12നാണ്, വ്യവസായി വിരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റുമായി ആനന്ദ് അംബാനിയുടെ വിവാഹം. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഗംഭീര ചടങ്ങുകള്‍. അതിഥികള്‍ക്ക് ഇതിനോടകം തന്നെ ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയില്‍ ചുവപ്പും സ്വര്‍ണവും നിറങ്ങളുള്ള ക്ഷണപത്രികയാണ് ഈ വിവാഹത്തിനും അംബാനി കുടുംബം തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് ദിവസത്തെ ചടങ്ങിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന കത്താണിതെന്നാണ് വിവരം.
ജൂലൈ 12നാണ് ശുഭ് വിവാഹ് എന്ന പേരില്‍ ചടങ്ങുകള്‍ക്ക് പരമ്പരാഗതമായ ഇന്ത്യന്‍ വസ്ത്രങ്ങളാണ് അന്ന് ഉപയോഗിക്കുക. ജൂലൈ 13 ശുഭ് ആശിർവാദ് ദിനമെന്ന പേരിലാണ് ചടങ്ങുകള്‍. അന്നേ ദിവസം ഇന്ത്യന്‍ ഫോമല്‍ ഡ്രസ് കോഡായിരിക്കും. ജൂലൈ 14നാണ് വിവാഹ സൽക്കാരം. മംഗൾ ഉത്സവ് എന്ന പേരിലാണ് ചടങ്ങുകള്‍ അറിയപ്പെടുക. ഈ ചടങ്ങുകളെല്ലാം ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.
വിവാഹത്തിന്റെ ക്ഷണം ആരംഭിച്ചത് തന്നെ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ കാശി വിശ്വനാഥ് ക്ഷേത്രത്തിലെ ദര്‍ശനത്തോടെയായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് നിത അംബാനി, കാശി വിശ്വനാഥ് ക്ഷേത്രത്തിലേക്ക് എത്തിയിരുന്നത്. ദര്‍ശന ശേഷമാണ് അവര്‍ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
അതേസമയം ഈ വര്‍ഷമാദ്യം ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ട പ്രീ വെഡ്ഡിങ് ആഘോഷം സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പര്‍ താരങ്ങളാണ് അന്ന് ചടങ്ങിന് മിഴിവേകിയിരുന്നത്. ഷാറൂഖ്-സല്‍മാന്‍-ആമിര്‍ എന്നീ ഖാന്‍ ത്രയങ്ങളുടെ സ്റ്റേജ് ഷോയും മറ്റും ചടങ്ങിന് മാറ്റ് കൂട്ടുകയും ചെയ്തു. ഇതിലേറെ രസിപ്പിക്കുന്നതും വര്‍ണാഭവുമായിരിക്കും വിവാഹ സല്‍ക്കാരത്തിലെ പരിപാടികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.