'കേവലം' ഒരു ബില്യൺ ഡോളർ അധികം; ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ
മുകേഷ് അംബാനി 99.7 ബില്യൺ ഡോളറിന്റെ മൊത്തം ആസ്തി നേടിയപ്പോൾ അദാനിയുടെ ആസ്തി 98.7 ബില്യൺ ഡോളറായി
'കേവലം' ഒരു ബില്യൺ ഡോളറിന്റെ വ്യത്യാസത്തിൽ അദാനി ഗ്രൂപ്പിന്റെ തലവൻ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് എംഡി മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ജൂൺ മൂന്നിന് പുറത്തിറക്കിയ ബ്ലൂംബേർഗ് ബില്യണേഴ്‌സ് ഇൻഡക്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. മുകേഷ് അംബാനി 99.7 ബില്യൺ ഡോളറിന്റെ മൊത്തം ആസ്തി നേടിയപ്പോൾ അദാനിയുടെ ആസ്തി 98.7 ബില്യൺ ഡോളറായി. കഴിഞ്ഞ 24 മണിക്കൂറിനിടയിലാണ് ഇരുവർക്കും നേട്ടമുണ്ടായത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂംബേർഗ് ബില്യണേഴ്‌സ് ഇൻഡക്‌സ് ദിവസംതോറും സമ്പന്നരുടെ ആസ്തികൾ നിരീക്ഷിക്കുന്ന സംവിധാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അംബാനിക്ക് 3.59 ഡോളർ ബില്യൺ സമ്പാദ്യത്തിന്റെ വർധനവുണ്ടായപ്പോൾ അദാനി നേടിയത് 2.96 ബില്യൺ ഡോളറിന്റെ വരുമാനമാണ്.
ബ്ലുംബേർഗ് ഇൻഡക്‌സ് പ്രകാരം മുകേഷ് അംബാനി ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാമനാണ്. അദാനി ഒമ്പതാമതുമാണ്. ഇന്ത്യയിൽ ഏറ്റവും വലിയ സമ്പന്നനായിരിക്കേ അംബാനി ഏഷ്യയിലെ വലിയ ധനാഢ്യനുമാണ്. ഫോർബ്‌സ് റിയൽ ടൈം ബില്യണേഴ്‌സ് ലിസ്റ്റ് പ്രകാരം മുകേഷ് അംബാനി ലോക സമ്പന്നരിൽ ആറാമതാണ്. 104.3 ബില്യൺ ഡോളറാണ് വരുമാനം. ഇതേ ലിസ്റ്റ് പ്രകാരം 100.3 ബില്യൺ ഡോളർ വരുമാനമുള്ള അദാനി ഒമ്പതാമതാണ്. 2021-22 വരെയുള്ള സാമ്പത്തിക വർഷത്തിൽ റിലയൻസ് 60,705 കോടിയുടെ മെത്ത വരുമാനമാണ് നേടിയിരുന്നത്.
മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി 2022 ഫെബ്രുവരിയിൽ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു. അന്ന് ഗൗതം അദാനിയുടെ ആസ്തി 8,850 കോടി ഡോളറായി ഉയർന്നു. 600 ദശലക്ഷം ഡോളറിന്റെ വ്യത്യാസമാണ് അദാനിയും അംബാനിയും തമ്മിലുണ്ടായിരുന്നത്.
Mukesh Ambani is the richest man in India, surpassing Gautam Adani