റിലയൻസിന്റെ തലപ്പത്ത് മാറ്റം; സൂചന നൽകി മുകേഷ് അംബാനി
'ആകാശും ഇഷയും റിലയൻസിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും'
രാജ്യത്തെ ഏറ്റവും ആസ്തിമൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്ത് മാറ്റമുണ്ടാകുമെന്ന സൂചന നൽകി ചെയർമാൻ മുകേഷ് അംബാനി. ധീരുഭായ് അംബാനിയുടെ ജന്മവാർഷികദിനത്തിൽ കൂടിയ കുടുംബയോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം സൂചിപ്പിച്ചത്. കമ്പനിയിലെ ഏറ്റവും പ്രതിബദ്ധരായ കഴിവുറ്റ നേതൃപാടവമുള്ളവർക്കായി വഴിമാറാനാണ് താനടക്കമുള്ളവർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ അവർക്ക് മാർഗം പറഞ്ഞുകൊടുക്കണം, അവരുടെ കരുത്താകണം, അവരുടെ പ്രചോദനമാകണം, അവർ നമ്മളെക്കാൾ മികച്ച രീതിയിൽ മുന്നോട്ടുപോകുമ്പോൾ നോക്കി നിന്ന് കൈയടിക്കണമെന്നും മുകേഷ് അംബാനി പറഞ്ഞു. ആകാശും ഇഷയും റിലയൻസിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതിൽ എനിക്ക് ഒട്ടും സംശയമില്ല, റിലയൻസിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ അവർ കാണിക്കുന്ന ആത്മാർഥത താൻ നേരിട്ട് അറിഞ്ഞിട്ടുള്ള ആളാണ് ഞാനെന്നും മുകേഷ് അംബാനി പറഞ്ഞു.
റിലയൻസിന്റെ തന്നെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലാണ് മുകേഷ് അംബാനിയുടെ പ്രസംഗം ആദ്യം റിപ്പോർട്ട് ചെയ്തത്. 2002ൽ ധീരുഭായ് അംബാനിയുടെ മരണശേഷമാണ് മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായി സ്ഥാനമേൽക്കുന്നത്. 64 കാരനായ മുകേഷിന്റെ മക്കളാണ് ആകാശും, ഇഷയും ആനന്ദും. എന്നാൽ ഇവർ മൂന്നുപേരും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളല്ല. നേതൃമാറ്റത്തെ കുറിച്ച് റിലയൻസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.