മുക്താർ അൻസാരിയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ; യു.പിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മരണത്തിലെ ദുരൂഹത അന്വേഷിക്കാൻ പ്രത്യേക സംഘം
ലഖ്നൗ: ഉത്തർപ്രദേശിൽ അഞ്ച് തവണ എം.എൽ.എയായിരുന്ന മുക്താർ അൻസാരി ജയിലിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജയിൽ അധികൃതരുടെ ഒത്താശയോടെ തുടർച്ചയായി കുറഞ്ഞ അളവിൽ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് മകൻ ഉമർ അൻസാരി ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മകൻ അറിയിച്ചു.
വിഷം കലർത്തിയ ഭക്ഷണമാണ് നൽകിയതെന്ന് മുക്താർ അൻസാരി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. എന്നാൽ ഹൃദയാഘാതത്തെ തുടർന്നാണ് മുക്താർ അൻസാരി മരിച്ചതെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ജയിൽ അധികൃതർ പറഞ്ഞു.കനത്ത ഛർദ്ദിയെ തുടർന്ന് അബോധാവസ്ഥയിലാണ് ജില്ലാ ജയിലിൽ നിന്ന് വ്യാഴാഴ്ച റാണിദുർഗവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് പ്രിൻസിപ്പൾ സുനീൽ കൗശൽ പറഞ്ഞു.
തന്റെ പിതാവിനെ സ്ലോ പോയിസൺ നൽകി കൊലപ്പെടുത്തിയതാണെന്ന് മകൻ ഉമർ അൻസാരി പറഞ്ഞു. മുക്താറിന്റെ സഹോദരനും ഗാസിപൂരിൽ നിന്നുള്ള ലോക്സഭാ എം.പിയുമായ അഫ്സൽ അൻസാരിയും മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി.സഹോദരൻ സ്ലോ പോയിസണിങ്ങിന് ഇരയായെന്ന് അദ്ദേഹം ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണർന്നതോടെ മൂന്നംഗ സംഘം അന്വേഷിക്കുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
വിഷം കലർത്തിയ ഭക്ഷണമാണ് തനിക്ക് നൽകിയതെന്നും കഴിച്ചതിന് പിന്നാലെ ശരീരമാസകലം വേദനിക്കാൻ തുടങ്ങിയെന്നും മാർച്ച് 20 ന് വിഡിയോ കോൺഫറൻസിലുടെ മുക്താർ അൻസാരി കോടതിയെ അറിയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ വിഷം നൽകിയെന്ന ആരോപണം ജയിൽ അധികൃതർ നിഷേധിച്ചു. ഇന്ന് അൻസാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്നും അത് വിഡിയോയിൽ പകർത്തുമെന്നും ജയിലധികൃതർ വ്യക്തമാക്കി.
അതെ സമയം മുക്താർ അൻസാരിയുടെ അനുയായികളുടെ വലിയ സംഘം അദ്ദേഹത്തിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. അതിന് പിന്നാലെ പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ച പൊലീസ് കൂടുതൽ സേനയെ വിന്യസിക്കുകയും സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ബന്ദ,മൗ,ഗാസിപൂർ,വരാണാസി എന്നിവിടങ്ങളിൽ വൻ സുരക്ഷയൊരുക്കുകയും ചെയ്തു.
63 കാരനായ മുക്താർ അൻസാരി മൗ സദർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ ബി.എസ്.പി ടിക്കറ്റിലടക്കം അഞ്ച് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഏകദേശം 60 ഓളം കേസുകളിൽ മുക്താർ അൻസാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. 2005 മുതൽ യു.പിയിലും പഞ്ചാബിലുമായി ജയിൽ വാസം അനുഭവിക്കുകയാണ് അദ്ദേഹം.
2022 സെപ്റ്റംബർ മുതൽ ഏട്ട് കേസുകളിൽ വിവിധ കോടതികളിൽ വിചാരണ നേരിടുന്ന അദ്ദേഹം ബാന്ദ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. കഴിഞ്ഞവർഷം യു.പി പൊലീസ് തയാറാക്കിയ 66 ഗുണ്ടകളുടെ ലിസ്റ്റിലും അൻസാരിയുണ്ടായിരുന്നു. ക്രിമിനൽ കേസുകളിൽ പ്രതിയായതിന് പിന്നാലെ ബി.എസ്.പിയിൽ നിന്ന് 2010 ൽ പുറത്താക്കിയിരുന്നു. അതിന് പിന്നാലെ ക്വാമി ഏകതാ ദൾ എന്ന പാർട്ടി രൂപവത്കരിച്ചു. 2012 ൽ മൗ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.2017 ലാണ് അവസാനം മത്സരിച്ചത്.