'ഇൻഡ്യ മുന്നണി ഇപ്പോഴും നിലനിൽക്കുന്നു'; സഖ്യത്തിൽ വിള്ളലുണ്ടെന്ന വാർത്തകൾ നിഷേധിച്ച് അഖിലേഷ് യാദവ്
'സഖ്യം ശക്തിപ്പെടുത്താനും ബിജെപിക്കെതിരെ പോരാടാനും എസ്പി പ്രതിജ്ഞാബദ്ധമാണ്'
ന്യൂഡൽഹി: ഇൻഡ്യ മുന്നണിയിൽ വിള്ളലുകളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ സംഭവത്തിൽ പ്രതികരണവുമായി സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്. സഖ്യത്തിൽ യാതൊരുവിധ വിള്ളലുകളില്ലെന്നും മുന്നണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു അഖിലേഷ് പറഞ്ഞത്. വരാനിരിക്കുന്ന മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് വിഭാഗം ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല സഖ്യം പിരിച്ചുവിടണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് അഖിലേഷിൻ്റെ പ്രസ്താവനയെത്തുന്നത്.
'ഇൻഡ്യ സഖ്യം മുൻപ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ നിലനിൽക്കും. ബിജെപിയെ നേരിടാൻ പ്രാദേശിക പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് സഖ്യം രൂപീകരിച്ചത്. സഖ്യം ശക്തിപ്പെടുത്താനും ബിജെപിക്കെതിരെ പോരാടാനും എസ്പി പ്രതിജ്ഞാബദ്ധമാണ്.'- അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു. 'പ്രാദേശിക പാർട്ടികൾക്ക് ബിജെപിയെ നേരിടാൻ കഴിയും, അവരെ പിന്തുണയ്ക്കേണ്ടതുണ്ടെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വരാനിരിക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ എസ്പിയും തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ കോൺഗ്രസ്- ആംആദ്മി നേതാക്കൾ തമ്മിൽ വാക്ക്പോര് തുടരുകയാണ്. കോൺഗ്രസിനെ ഇൻഡ്യാ മുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് പോലും ചില ആംആദ്മി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാനില്ലെന്ന് എഎപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇരു പാർട്ടികളും തമ്മിലുള്ള പരസ്യപ്പോര് ദേശീയതലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണു നീങ്ങുന്നത്.