'നൽകുന്നത് വ്യാജ വാഗ്ദാനങ്ങൾ'; കെജ്‌രിവാളിനെ പ്രധാനമന്ത്രി മോദിയോട് ഉപമിച്ച് രാഹുൽ ഗാന്ധി
ഗൗതം അദാനിക്കെതിരെ കെജ്രിവാൾ സംസാരിക്കാത്തത് എന്തെന്നും രാഹുല്‍ ചോദിച്ചു
ന്യൂഡല്‍ഹി: ഡൽഹി തെരഞ്ഞടുപ്പ് പ്രചാരണം പുരോഗമിക്കവെ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രിയും കെജ്‌രിവാളും തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിലെ സീലംപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാലെ രാഹുൽ ഗാന്ധി തന്നെ അധിക്ഷേപിച്ചുവെന്ന് കെജ്‌രിവാൾ പറഞ്ഞു.
രാജ്യവ്യാപകമായ ജാതി സെൻസസ് വിഷയത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു. പ്രധാനമന്ത്രി മോദിയിൽ നിന്നും കെജ്‌രിവാളിൽ നിന്നും താൻ ജാതി സെൻസസിനെക്കുറിച്ച് ഒരു വാക്കുപോലും കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗൗതം അദാനിക്കെതിരെ കെജ്രിവാൾ സംസാരിക്കാത്തത് എന്തെന്നും രാഹുൽ ചോദിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഷീല ദിക്ഷിത്തിന്റെ കാലത്താണ് ഡൽഹിയിൽ വികസനം വന്നതെന്നും കെജ്‌രിവാളിനോ ബിജെപിക്കോ അത്പോലെ വികസനം കൊണ്ടുവരാനായില്ലന്നും രാഹുൽ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി മോദിയും കെജ്‌രിവാളും പണപ്പെരുപ്പം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിൽ ദരിദ്രർ കൂടുതൽ ദരിദ്രരും സമ്പന്നർ കൂടുതൽ സമ്പന്നരുമാകുകയാണെന്നും റാലിയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെ പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ' യില്‍ ഭിന്നിപ്പുകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും 'ഇന്‍ഡ്യ' സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്.